മുംബൈ: പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ ആഗോളതലത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തി. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് .പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ ഉപഭോഗത്തിൽ ആഗോള വിപണിയിൽ 11ശതമാനം വിപണി വിഹിതമാണ് ഇന്ത്യയ്ക്കുള്ളത്. വളർന്നുവരുന്ന വിപണി എന്ന നിലയിൽ ഇടത്തരക്കാരുടെ സാമ്പത്തിക മുന്നേറ്റം വജ്രാഭരണ വിപണിയിൽ വലിയ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് അഭിപ്രായമുണ്ട്. സമീപകാലത്ത് വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ടൈറ്റാൻ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ മൂല്യത്തിൽ 30 മുതൽ 35% വരെ വിഹിതം വജ്രഭരണ വിഭാഗത്തിൽ നിന്നാണെന്ന് സി.ഇ.ഒ അജോയ് ചൗള പറഞ്ഞു. പ്രകൃതിദത്ത വജ്രാഭരണ വിപണിയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിൽ ഒന്നായ ടാറ്റാ ഗ്രൂപ്പിൻറെ തനിഷ്കും ലോകത്തിലെ മുൻനിര വജ്രാഭരണ കമ്പനിയായ ഡി ബിയേഴ്സ് ഗ്രൂപ്പും കൈകോർക്കുന്നുണ്ട്. വളർന്നുവരുന്ന ഇന്ത്യൻ വജ്രാഭരണ വിപണിയിൽ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദീർഘകാല സഹകരണമാണ് ലക്ഷ്യം ഇടുന്നതെന്ന് അജോയ് ചൗളയും ഡിവിയേഴ്സ് ബ്രാൻഡ് സി.ഇ.ഒ. സാൻഡ്രീൻ കോൺസിഡറും പറഞ്ഞു. ഉപഭോക്തൃ ബോധവൽക്കരണം, ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയർത്തുക, രാജ്യാവ്യാപകമായി പ്രകൃതിദത്ത വജ്രാഭരണത്തിന് പ്രചാരം നൽകുക എന്നിവയിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. തനിഷ്ക്കിന്റെ ശൃംഖലയും ഇന്ത്യൻ വിപണിയിലെ പരിചയവും ഡീ ബിയേഴ്സിൻ്റെ വജ്രാഭരണ മേഖലയിലെ വൈദഗ്ധ്യം സഹകരണത്തിന്റെ ഭാഗമാകും.