പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ:ടി സിദ്ധിഖ് എം എല്‍ എ

പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം: റെവന്യൂമന്ത്രി രാജിവെക്കണം; കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ:ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവന്യൂമന്ത്രി രാജിവെക്കണമെന്നും കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നും അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കാതെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാത്ത സര്‍ക്കാരാണ് ഒന്നാംപ്രതി. ജില്ലാഭരണകൂടമാണ് ഇതിലെ രണ്ടാം പ്രതി. സംയുക്ത നിയമസഭാ സമിതി ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും അരുത്താതുമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരെ സസ്‌പെന്റ് ചെയ്യേണ്ട സമയം കഴിഞ്ഞു. അത് ചെയ്യാത്തതിന്റെ കാരണം സ്വന്തം വീഴ്ച മറച്ചുപിടിക്കാനാണ്. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ഈ വിഷയത്തില്‍ രാഷ്ട്രീയലക്ഷ്യത്തോടെ നീങ്ങി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം എല്‍ ഡി എഫിനാണ്. 835 കിറ്റുകളാണ് നവംബര്‍ ഒന്നിന് മേപ്പാടി പഞ്ചായത്തിലെത്തിച്ചത്. അതില്‍ 474 കിറ്റുകളാണ് വിതരണം ചെയ്തത്. 361 എണ്ണം ഉപയോഗശൂന്യമായതായിരുന്നു. എക്‌സ്പറയി ഡേറ്റ് കഴിഞ്ഞതും, പുഴുവരിച്ചതും, കറുത്ത പ്രാണികള്‍ നിറഞ്ഞതുമായിരുന്നു ഇത്. ഈ സാധനങ്ങള്‍ മേപ്പാടി പഞ്ചായത്തിന് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് സിദ്ധിഖ് ചോദിച്ചു. ഇതിന്റെ ഉത്തരവാദിത്വം റെവന്യൂവകുപ്പിനും സര്‍ക്കാരിനുമാണ്. ദൂരെ സ്ഥലങ്ങളില്‍ താമസിക്കുന്നയാളുകളെ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ നല്‍കാന്‍ മേപ്പാടിയിലേക്ക് വിളിച്ചുവരുത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. വിതരണത്തിന് മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നത് ഒരു പൊതുബോധമാണ്. റവന്യൂ, ഭക്ഷ്യവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് സി പി ഐയാണ്. ഏകോപനം നടത്തേണ്ടത് മുഖ്യമന്ത്രിയാണ്. ഈ മൂന്ന് പേര്‍ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. എല്‍ ഡി എഫ് യുവജനസംഘടനകള്‍ തുടര്‍ച്ചയായി ഈ വിഷയത്തില്‍ സമരം ചെയ്യുകയാണ്. എന്നാല്‍ ഒരു കള്ളം പലയാവര്‍ത്തി തുടര്‍ച്ചയായി പറഞ്ഞാല്‍ അത് സത്യമാവില്ല. വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ സംവിധാനത്തിന്റെ പാളിച്ചയെ കുറിച്ചും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് ഉദ്യോഗസ്ഥരെ പരാമര്‍ശിക്കാതെയുള്ള പ്രതിഷേധം ആത്മാര്‍ഥതയില്ലാത്ത സമരത്തിന്റെ പ്രധാനലക്ഷണമാണ്. സമരം ചെയ്യുന്ന സംഘടനകള്‍ എന്തുകൊണ്ടാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പറയാതിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിരവധി തവണ ചോദിച്ചിട്ടും ഗുണനിലവാര പരിശോധന നടത്തിയതിന്റെ രേഖ നല്‍കാന്‍ റെവന്യൂവകുപ്പിനോ, ജില്ലാഭരണകൂടത്തിനോ സാധിക്കാത്തത് പരിശോധന നടന്നില്ലെന്നതിന്റെ തെളിവാണ്. കൈനാട്ടിയിലെയും പാതിരിപ്പാലത്തെയും ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു വെച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തുറന്നുകാട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നുമുണ്ടായില്ല. ഈ സംഭരണകേന്ദ്രങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ രാജിവെക്കേണ്ടത് മേപ്പാടി പഞ്ചായത്ത് ഭരണസമിതിയല്ല, മറിച്ച് റെവന്യൂമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *