പാലക്കാട് : ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ സംഭവത്തില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍. അധ്യാപികയുടെ മാനസിക പീഡനമാണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.പ്രധാന അധ്യാപിക ലിസി,ക്ലാസ് ടീച്ചര്‍ ആശ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കുട്ടി ജീവനൊടുക്കിയതില്‍ ഡിഇഒയും സ്‌കൂള്‍ മാനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇന്‍സ്റ്റഗ്രാം മെസേജില്‍ കുട്ടികള്‍ തമ്മില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിച്ചിട്ടും ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.
ബുധനാഴ്ചയാണ് അര്‍ജുനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഇന്നാണ് ബന്ധുക്കള്‍ അധ്യാപികയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.അര്‍ജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന ആക്ഷേപമായിരുന്നു കുടുംബവും സഹപാഠികളും ഉന്നയിച്ചത്.കുട്ടികളുടെ ഇൻസ്റ്റ മെസേജ് വിഷയത്തില്‍ ഇടപെട്ട അധ്യാപിക കുട്ടികളുടെ ചെവിയില്‍ പിടിച്ച് തല്ലിയെന്നും സഹപാഠികളും പറയുന്നു.സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും,ജയിലില്‍ കിടക്കേണ്ടിവരുമെന്നും പിഴയടക്കേണ്ടിവരുമെന്നും അധ്യാപിക പറഞ്ഞിരുന്നതായും സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.