മേപ്പാടി: ദുരന്ത മേഖലയിലെ സ്‌കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു മാസത്തെ ശമ്പളമാണ് സംഘടനയുടെ നേതൃത്വത്തില്‍ നല്‍കിയത്. ദുരന്തത്തിന് മുമ്പ് പ്രീപ്രൈമറി വിദ്യാര്‍ഥികളില്‍ നിന്നുള്ള ഫീസ് ഉപയോഗിച്ചാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. എന്നാല്‍ ദുരന്തത്തിന് ശേഷം കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കുക പ്രയാസകരമായിരുന്നു. തുടര്‍ന്നാണ് ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഇവരുടെ ശമ്പളം നല്‍കാമെന്നേറ്റത്. സ്‌കൂളില്‍ നടന്ന പരിപാടി അഡ്വ. ടി. സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാരാമസ്വാമി, രാധാമണി ടീച്ചര്‍, ഹംസ കുന്നുമ്മല്‍, അബ്ദുല്‍ ലത്വീഫ്, ടി.കെ ശംസുദ്ധീന്‍, ആര്‍.കെ റഷീദ്, സഹദ് പുറക്കാട്, പി.പി റഷീദ്, സുരേഷ്, ഹരീഷ് മേപ്പാടി, എം. ജംഷീര്‍ സംസാരിച്ചു.