ത്യാഗത്തിൻ്റെ ചുവടുകൾ, വിശ്വാസത്തിൻ്റെ കടൽ; കല്ലോടിയിൽ നിന്നും ദീപ്തിഗിരിയിലേക്ക് ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം ഭക്തിസാന്ദ്രമായി സമാപിച്ചു

കല്ലോടി : ക്രൂശിതൻ്റെ പീഡാനുഭവ സ്മരണകൾ നെഞ്ചേറ്റി പുണ്യ നോമ്പുകാലത്തിൻ്റെ അന്ത്യഘട്ടത്തിൽ കല്ലോടി ഫൊറോനയിൽ നടന്ന ‘ഗാഗുൽത്താ 2K26’ കാൽനട തീർത്ഥാടനം വിശ്വാസികൾക്ക് ആത്മീയ വിരുന്നായി. മാർച്ച് 27-ന് (നാൽപതാം വെള്ളി) നടന്ന ഈ ഭക്തിനിർഭരമായ യാത്രയിൽ ആയിരങ്ങളാണ് പങ്കുചേർന്നത്.
ത്യാഗത്തിൻ്റെയും പ്രാർത്ഥനയുടെയും ചുവടുകളുമായി മാനന്തവാടി,കല്ലോടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച തീർത്ഥാടനം 4 കിലോമീറ്റർ നടന്നു ദീപ്തിഗിരി സെന്റ് തോമസ് ദേവാലയത്തിലാണ് സമാപിച്ചത്.

വൈകുന്നേരം 5:30-ന് കല്ലോടി പള്ളിയിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് തീർത്ഥാടക സംഘം യാത്ര തുടങ്ങിയത്.ലോകരക്ഷകൻ്റെ കുരിശുയാത്രയെ അനുസ്മരിച്ച് ഓരോ ചുവടിലും പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ട് നീങ്ങിയ പ്രയാണം, വിശ്വാസികൾക്ക് വ്യക്തിപരമായ വിശുദ്ധീകരണത്തിനുള്ള വേദിയായി മാറി.സമാപന ചടങ്ങിൽ വികാരി ജനറൽ പോൾ മുണ്ടോളിക്കൽ സമാപന ആശീർവാദം നൽകി.ഫൊറോന വികാരി ഫാ.സജി കോട്ടയിൽ, ഫൊറോനയിലെ മറ്റ് വൈദികർ എന്നിവർ ഈ ആത്മീയ യാത്രയ്ക്ക് നേതൃത്വം നൽകി. വ്രതശുദ്ധിയുടെ നിറവിൽ നടന്ന ഈ സംഗമം കല്ലോടിയിലെ വിശ്വാസസമൂഹത്തിന് പുതിയൊരു ആത്മീയ ഉണർവാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *