തീപിടിത്തത്തിന് സാധ്യത;വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ ഉത്തരവ്

കൊച്ചി : വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA).യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പവർ ബാങ്കുകളിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.അതോടൊപ്പം തന്നെ പവർ ബാങ്കുകള്‍ ചെക്ക്-ഇൻ ബാഗേജില്‍ കൊണ്ടുപോകാൻ പാടില്ലെന്നും ഡിജിസിഎ നിർദേശിച്ചു.പവർ ബാങ്കുകള്‍ ഹാൻഡ് ബാഗേജില്‍ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ.

വിമാനത്തിനുള്ളില്‍ യാത്രയ്ക്കിടെ പവർ ബാങ്ക് അമിതമായി ചൂടാകുകയോ,പുക ഉയരുകയോ, ബാറ്ററി വീർക്കുകയോ ചെയ്താല്‍ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങള്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും കൈമാറിയിട്ടുണ്ട്.സുരക്ഷാ പരിശോധനയ്ക്കിടെ പവർ ബാങ്കുകളുടെ പരിശോധന കർശനമാക്കാനും വിമാനത്തിനുള്ളില്‍ യാത്രക്കാരെ ബോധവല്‍ക്കരിക്കാനും ജീവനക്കാർക്ക് നിർദേശം നല്‍കിയതായി അധികൃതർ അറിയിച്ചു.ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട് മുൻകാലങ്ങളില്‍ ഉണ്ടായിട്ടുള്ള ചെറിയ തീപിടിത്ത സംഭവങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ കർശന നടപടിയെന്ന് ഡിജിസിഎ അറിയിച്ചു.യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും,എല്ലാവരും നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *