സുൽത്താൻ ബത്തേരി : നെന്മേനി പഞ്ചായത്ത് താളൂർ ബസ് സ്റ്റാൻ്റിലെ തമിഴ്നാട് സർക്കാരിൻ്റെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും എം എൽ എമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ,ഗൂഡല്ലൂർ എം എൽ എ പൊൻ ജയശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് താളൂരിൽ ചർച്ച നടന്നത്ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഇരു സംസ്ഥാനങ്ങളിലേയും തഹസിൽദാർമാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 54 ലക്ഷം രൂപ താളൂർ ബസ് സ്റ്റാൻ്റ് പണിയാനായി അനുവദിച്ചിരുന്നു. സാങ്കേതിക അനുമതി ലഭിച്ച പദ്ധതിയുടെ ടെണ്ടർ നടപടികളും പൂർത്തിയായി കഴിഞ്ഞു. ഇതിനേ തുടർന്ന് നിർമ്മാണം ആരംഭിക്കാൻ കരാറുകാരൻ എത്തിയപ്പോളാണ് ബോർഡ് പ്രശ്നം ഉടലെടുത്തത്. തമിഴ്നാട് സർക്കാർ ദശകങ്ങൾക്ക് മുൻപ് സ്ഥാപിച്ചിരുന്ന 2 ബോർഡുകൾ ഈ സ്ഥലത്തുണ്ട്. ഈ ബോർഡ് മാറ്റി തരുകയോ മാറ്റാൻ അനുമതി നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് ചേരമ്പാടി പഞ്ചായത്ത്, ഗൂഡല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുൻ കയ്യെടുത്ത് യോഗം സംഘടിപ്പിച്ചത്. സ്ഥല പരിശോധന നടത്തിയ ശേഷം താളൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഹാളിൽ യോഗം ചേർന്നു.വിഷയം വയനാട്, നീലഗിരി ജില്ലകളിലെ കലക്ടർമാരെ ധരിപ്പിക്കാനും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. നെന്മേനി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ സുജാത ഹരിദാസ്, ജയ മുരളി,വി ടി ബേബി അംഗങ്ങളായ കെ വി ശശി,ഉഷ വേലായുധൻ, തഹസിൽദാർമാരായ എം എസ് ശിവദാസൻ, സുരാജ് നിഷ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ കെ പോൾസൻ,മൊയ്തീൻ കരടിപ്പാറ,ഷാജി ചുള്ളിയോട്,രാജേഷ് നമ്പിച്ചാൻകുടി തുടങ്ങിയവർ പങ്കെടുത്തു.