തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു;2.84 കോടി വോട്ടര്‍മാര്‍,2798 പ്രവാസികൾ

ഡൽഹി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്.തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.ഇതിനു പുറമെ,പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2,798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3,240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയത്.വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്,വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഒക്ടബോര്‍ 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ ആര്‍ ഒ) അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.സംക്ഷിപ്ത പുതുക്കലിനായി സെപ്തംബര്‍ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.1,33,52,961 പുരുഷന്മാരും 1,49,59,236 സ്ത്രീകളും 271 ട്രാന്‍സ്ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്.ഇതിനു പുറമെ 2,087 പ്രവാസി വോട്ടര്‍മാരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *