പാരീസ് : ലോകപ്രശസ്തമായ മെസ്സേജിംഗ് ആപ്ലിക്കേഷൻ ആയ ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരെ ഫ്രാൻസ് പ്രാഥമിക കുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചു എന്നാണ് ചുമത്തിയ പ്രാഥമിക കുറ്റം. കേസിൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടാൻ പാടില്ലെന്നും ഫ്രഞ്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടു. അൻപത് ലക്ഷം യൂറോ ജാമ്യ തുകയ്ക്ക് ഉപാധികളുടെ ദുറോവിനെ പിന്നീട് വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അഞ്ച് ലക്ഷം യൂറോ പിഴയും ലഭിക്കാവുന്നതാണ്. റഷ്യയിൽ ജനിച്ച പാവേൽ ദുറോവിന് അവിടെയും ഫ്രാൻസിലും യു.,എ.ഇയിലും സെൻറ് കിഡ്സ് ആൻഡ് നേവിസിലും പൗരത്വം ഉണ്ട്. ദുബായിലാണ് ഇപ്പോൾ താമസം .2014 ൽ സഹോദരൻ നിക്കോളയുമായി ചേർന്നാണ് ദുറോവ് ടെലിഗ്രാം സ്ഥാപിച്ചത്. ഇന്ന് നൂറ് കോടിക്കടുത്ത് ഉപയോക്താക്കളുണ്ട്. അവിവാഹിതനായ ദുറോവിന് 12 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികളുണ്ട്. ബീജദാനത്തിലൂടെയാണ് അദ്ദേഹം ഇത്രയേറെ കുട്ടികളുടെ അച്ഛനായത്. ടെലിഗ്രാമിലൂടെ ദുറോവ് തന്നെ പുറത്തു വിട്ടതാണ് ഇക്കാര്യം. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നു എന്ന് ആരോപിച്ച് ടെലഗ്രാമിന് വിലക്കേർപ്പെടുത്താൻ ഉള്ള നീക്കങ്ങൾ ഇന്ത്യയിലും തുടങ്ങിയതിനിടെയാണ് ഫ്രാൻസിൽ അദ്ദേഹത്തിന് കുരുക്ക് മുറുകുന്നത്. ചൂതാട്ടം, പണത്തട്ടിപ്പ്, തുടങ്ങിയ കേസുകളിൽ ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ ചിത്രങ്ങൾ പങ്കുവെക്കൽ, മയക്കു മരുന്നു വ്യാപാരം, തട്ടിപ്പ് ,കള്ളപ്പണം വെളുപ്പിക്കൽ, അശ്ലീല നിയമവിരുദ്ധ ഉള്ളടക്കം പങ്കുവെക്കൽ, ഭീകര പ്രവർത്തനം തുടങ്ങി ടെലിഗ്രാം വഴി നടക്കുന്നതായി സംശയിക്കുന്ന ഒട്ടേറെ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. ടെലിഗ്രാമിലൂടെ നടക്കുന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങൾ എല്ലാം ദുറോവിൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ ഡേവിഡ് ഒലീവിയർ പറഞ്ഞു. യൂറോപ്പ്യൻ യൂണിയൻറെ ഡിജിറ്റൽ സാങ്കേതിക നിയമങ്ങൾ അനുസരിച്ചാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.