ചുരത്തിലെ ഗതാഗത കുരുക്ക് അടിയന്തിര പരിഹാരം കാണണം – എസ്ഡിപിഐ

കൽപ്പറ്റ : വയനാട് ചുരത്തിൽ നിത്യേനയെന്നോണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സം കാരണം യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതയെന്ന നിലയിൽ,അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും യഥാസമയം ആശുപത്രികളിൽ എത്താനാവാതെ വഴിയിൽ കുടുങ്ങുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് പോലീസിനെയോ ചുരം സംരക്ഷണ സേനയെയോ നിയോഗിക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. വലിയ വാഹനങ്ങൾ കേടാകുന്നത് മൂലമുണ്ടാകുന്ന തടസ്സങ്ങൾ നീക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പലപ്പോഴും ലഭ്യമല്ല. അവധി ദിവസങ്ങളിലും മറ്റും തിരക്ക് വർധിക്കുമെന്ന് ഉറപ്പായിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകുന്നില്ല.ഗതാഗതം നിയന്ത്രിക്കാൻ ചുരത്തിലെ പ്രധാന പോയിന്റുകളിൽ 24 മണിക്കൂറും പോലീസ് പട്രോളിംഗ് ഉറപ്പാക്കുക,നിയമം ലംഘിച്ച് ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുക,ചുരത്തിൽ കുടുങ്ങുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ റിക്കവറി വാൻ സംവിധാനം സ്ഥിരമായി ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും കമ്മിറ്റി ഉന്നയിച്ചു.ജനങ്ങളുടെ ജീവനും സമയത്തിനും വിലകൽപ്പിക്കാത്ത അധികൃതരുടെ ഈ സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി SDPI രംഗത്തിറങ്ങുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.യൂസുഫ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്,കെ മഹ്‌റൂഫ്,ജില്ലാ സെക്രട്ടറിമാരായ ബബിത ശ്രീനു,സൽമ അഷ്‌റഫ്‌,എസ്.മുനീർ, ട്രഷറർ സുബൈർ,കമ്മിറ്റിയംഗങ്ങളായ ഉസ്മാൻ സി.എച്ച്,അബ്‌ദുൽ സമദ് ടി കെ,അഡ്വ:കെ എ അയ്യൂബ്,ഇ ഉസ്മാൻ,ഇബ്രാഹിം മൗലവി,ഇബ്രാഹിം പി,ജംഷീദ,മുഹമ്മദലി വി.കെ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *