മേപ്പാടി : സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി,രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി,ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്,ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം,ചര്‍ച്ച,സംവാദം, പുസ്തകോത്സവം,പ്രദര്‍ശനം,കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം നടക്കുമെന്ന് ശിശു ക്ഷേമ സമിതി സെക്രട്ടറി കെ. രാജന്‍ അറിയിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-മത് വാര്‍ഷികത്തോടനുബന്ധിച്ചാണ് ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്.ജനറല്‍,പ്രത്യേകശേഷി വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.പ്രത്യേക ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചശക്തി കുറവുള്ളവര്‍, സംസാരം, കേള്‍വിക്കുറവ് നേരിടുന്നവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ച് എല്‍.പി,യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും.പ്രത്യേകശേഷി വിഭാഗക്കാര്‍ക്ക് ജില്ലാതലത്തിലാണ് മത്സരം നടക്കുക. മത്സരാര്‍ത്ഥികള്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മത്സരത്തില്‍ എണ്ണച്ചായം, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ് മാധ്യമങ്ങളാണ് ഉപയോഗിക്കാനാവുക.
ജില്ലാതല മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാരെ ജനുവരി 24ന് ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികള്‍ അറിയിച്ചു.വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ അഡിക്ഷനെക്കുറിച്ച് അവബോധ ക്ലാസ് നല്‍കും.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എം.ജെ അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശു ക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി പ്രജുല്‍ കുമാര്‍,ശിശുക്ഷേമ സമിതി ട്രഷറര്‍ കെ.സത്യന്‍,അംഗങ്ങള്‍,വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
