കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് കളക്ടറേറ്റ് ധർണ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും മുഖം നോക്കാതെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആറ് പേജുകള്‍ കാണാതാവുകയും ആറ് പാരഗ്രാഫുകള്‍ മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പേരിലുണ്ടായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകള്‍ അവസാനിപ്പിച്ചത് പോലെ സ്വന്തം ആളുകളായ ഐ ജിയേയും മറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ച് കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ്. ഇത്തരമൊരു സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നീതിയും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. സത്യസന്ധമായ അന്വേഷണം നടത്തി കഴിഞ്ഞാല്‍ സര്‍ക്കാരും ബന്ധപ്പെട്ട ആളുകളും പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണുള്ളത്. സാംസ്‌കാരിക കേരളത്തിന് ഒരുകാലത്തും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് സിനിമാ സംവിധായകരുടെയും, നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലും ഘടകകക്ഷിയിലുമുള്ള രണ്ട് എം എല്‍ എമാരെയും ഇടതുപക്ഷ സഹയാത്രികരായ സിനിമാപ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് റിപ്പോര്‍ട്ട് നാലു വര്‍ഷക്കാലം സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്. സ്ത്രീസംരക്ഷകര്‍ എന്ന് പറഞ്ഞ് നവോത്ഥാന മതില്‍ പണിതവരുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രമുഖരുടെ പേരുകളുള്ള റിപ്പോര്‍ട്ടിന്റെ ഭാഗം ഇപ്പോഴും പുറത്ത് വിടാത്ത സര്‍ക്കാര്‍ നിലപാട് തങ്ങള്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണ് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി.കെ. ജയലക്ഷ്മി, കെ.എല്‍. പൗലോസ്, പി.പി. ആലി, കെ.ഇ. വിനയന്‍, കെ.കെ. വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, എം.ജി. ബിജു, ബീന ജോസ്, ബിനു തോമസ്, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, പി.കെ. കുഞ്ഞിമൊയ്തീന്‍, എക്കണ്ടി മൊയ്തൂട്ടി, പോള്‍സണ്‍ കൂവക്കല്‍, ബി. സുരേഷ് ബാബു, ജില്‍സണ്‍ തൂപ്പുങ്കര, ഇ.എ. ശങ്കരന്‍, ജിനി തോമസ്, ഗൗതം ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *