കല്‍പ്പറ്റ : ഉരുള്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിചതച്ച വിഷയം നിയമസഭയില്‍ മുഴങ്ങുമെന്നും പിണറായി വിജയനെ കൊണ്ട് മറുപടി പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പകരം ചോദിക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. മനുഷ്യാവകാശ കമ്മീഷന്‍, നീതിന്യായ കോടതി എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കും. സമാധാനപരമായി സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മനുഷ്യത്വമില്ലാതെയാണ് പൊലീസ് പെരുമാറിയത്. മര്‍ദ്ദനമേറ്റെന്ന പേരില്‍ ആശുപത്രിയില്‍ കിടന്ന പൊലീസുകാര്‍ക്ക് ഒരു പരിക്കുമുണ്ടായിരുന്നില്ലെന്നത് വൂണ്ട് സര്‍ട്ടഫിക്കറ്റിലൂടെ വ്യക്തമാണ്. പരിക്കുണ്ടെന്ന് വ്യാജപ്രചരണം നടത്തി അതിക്രമം നടത്തിയത് മറയ്ക്കാന്‍ ആശുപത്രിയില്‍ കിടക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ കൈയ്യില്‍ പുനരധിവാസത്തിനുള്ള ഭൂമി പോലുമില്ലാത്ത അവസ്ഥയാണ്. മാത്രമല്ല, ദുരന്തത്തില്‍ ഗുരുതരമായി പരിക്കുപറ്റിയവര്‍ സ്വന്തം കൈയ്യില്‍ നിന്നാണ് പണം മുടക്കി വളരെ പ്രയാസപ്പെട്ട് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യത്വത്തിന്റെ അംശം സര്‍ക്കാരിനുണ്ടെങ്കില്‍ പരിക്ക് പറ്റിയവരുടെ ചികിത്സക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. എന്നാല്‍ ഇതിനൊന്നും സര്‍ക്കാരിന് താല്‍പര്യമില്ല. 44 പേര്‍ ഇപ്പോഴും കാണാമറയത്താണ്. തെരച്ചില്‍ നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഏറ്റവുമൊടുവില്‍ തെരച്ചില്‍ നടത്തിയത് ആഗസ്റ്റ് 14നാണ്. ഇത്തരത്തില്‍ ദുരന്തബാധിതരെ എല്ലാരീതിയിലും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെയാണ് ഇത്തരത്തില്‍ മനുഷ്യത്വമില്ലാതെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് നേതൃത്വം കൊടുത്തവരെ പാഠം പഠിപ്പിക്കാതെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെ എല്‍ പൗലോസ്, പി പി ആലി, അഡ്വ. എന്‍ കെ വര്‍ഗീസ്, അഡ്വ. ടി ജെ ഐസക്, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്‍, എം ജി ബിജു, ബിനു തോമസ്, വിനോദ്കുമാര്‍, ബീന ജോസ്, സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.