കൽപറ്റ : സംശുദ്ധമായ ബ്രോയ്ലർ കോഴിയിറച്ചി മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ഇനി വയനാട്ടിലും. ആയിരം കോഴികളെ വളർത്താൻ താൽപര്യവും പരിസര സാഹചര്യവുമുള്ള കുടുംബശ്രീ അയൽക്കൂട്ട കർഷകർക്കാണ് പദ്ധതി ഗുണഭോക്താക്കളാവാൻ സാധിക്കുക. കേരള ചിക്കൻ ഫാം,ഓട്ട്ലെറ്റ് എന്നിവ ആരംഭിക്കാൻ താൽപര്യമുള്ള കർഷകർക്കും, സി.ഡി.എസ് ചെയർപേഴ്സൺമാർക്കും, ഫാം ലൈവ് ലി ഹുഡ് ബിസിമാർക്കുമുള്ള ഓറിയൻ്റേഷൻ ക്ലാസ്സ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.കൽപ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേരള ചിക്കൻ പ്രൊഡക്ഷൻ മാനേജർ ഡോ.രേഷ്ണു വി സി, ഓറിയന്റേഷൻ ക്ലാസ് നൽകി. എ ഡി എം സി റജീന വി കെ, ജില്ലാ പ്രോഗ്രാം മാനേജർ അശ്വത്ത് രയരോത്താൻ ബ്ലോക്ക് കോർഡിനേറ്റർ നിധിൻ എൻ ബി എന്നിവർ സംസാരിച്ചു.
