കൽപ്പറ്റ : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിർദേശങ്ങളെ വിമൻ ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. മധ്യവർഗ്ഗങ്ങൾക്കും വനിതാ സംരംഭകർക്കും ബജറ്റ് നിർദേശങ്ങൾ ആവേശം പകരുന്നുവെന്ന് വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബിന്ദു മിൽട്ടൻ അഭിപ്രായപ്പെട്ടു. സ്ത്രീ സംരംഭകർക്ക് രണ്ടു കോടി വരെ വായ്പ അനുവദിക്കുമെന്ന ബജറ്റ് നിർദേശം ഉൽപ്പാദന മേഖലയിൽ ചലനങ്ങളുണ്ടാക്കും.ആയിരകണക്കിന് വനിതാ സംരംഭകർക്ക് ഈ നിർദേശം ഗുണകരമാകും .സംരംഭക മേഖലയിലെ തുടക്കക്കാരായ സ്ത്രീ സംരംഭകർക്കും , പട്ടിക ജാതി പട്ടിക വർഗ്ഗ സംരംഭകർക്കും രണ്ടു കോടി വായ്പ ഉദാരമായി നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ഉൽപ്പാദന വളർച്ച ഉറപ്പാക്കാൻ എം എസ് എം ഇ യൂണിറ്റുകൾക്ക് വായ്പാ സഹായ പരിധി പത്ത് കോടി വരെ വർധിപ്പിക്കാനുള്ള തീരുമാനം വയനാട് പോലുള്ള ജില്ലകളിലെ ഉൽപ്പാദന മേഖലയെ ചടുലമാക്കും. കാർഷിക മേഖലയിൽ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്കുള്ള വായ്പാ പരിധി അഞ്ചു ലക്ഷമാക്കിയതും നേട്ടമാകും. സ്റ്റാർട്ട് അപ്പുകൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിച്ചതും നികുതി ഘടനയിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളും സംരംഭകർക്ക് ആവേശം നൽകുന്നതാണ് . ഇതാദ്യമായി ഗിഗ് തൊഴിലാളികളെയും പ്രൊഫഷനലുകളെയും സാമൂഹ്യ ക്ഷേമ സുരക്ഷ പദ്ധതികളുടെ ഉപഭോക്താക്കൾ ആക്കാനുള്ള തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണെന്നും വിമൻ ചേംബർ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.ടൂറിസം മേഖലയിലെ ബജറ്റ് നിർദേശങ്ങൾ ഈ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കും. ഹോംസ്റ്റേ സംരംഭകർക്ക് മുദ്ര ലോൺ ഉൾപ്പെടെയുള്ള വായ്പകൾ നൽകുമെന്ന പ്രഖ്യാപനം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് നേട്ടമാകുമെന്ന് ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൻ പറഞ്ഞു.
