കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് കത്ത്:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണം – പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി.നിലവിൽ ഈ സ്‌കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം പാരമ്പര്യ ജ്ഞാനസമ്പ്രദായങ്ങളെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ലെന്നും ഗോത്ര സമൂഹങ്ങളുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തിനും ഈ ജ്ഞാനസമ്പ്രദായങ്ങൾ അത്യന്തം വിലപ്പെട്ടവയാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു. കാലാവസ്ഥാ മാറ്റങ്ങൾ ഭൂമിയെ തകർത്തുകൊണ്ടിരിക്കുമ്പോൾ,ഈ പാരമ്പര്യങ്ങളിൽനിന്ന് മനുഷ്യവർഗം വീണ്ടും പഠിക്കേണ്ട നിരവധി മൂല്യങ്ങൾ ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി എം.പി കത്തിൽ ചൂണ്ടിക്കാണിച്ചു.

ഈ പശ്ചാത്തലത്തിൽ,ഗോത്രസമൂഹങ്ങളിൽപ്പെട്ട അധ്യാപകർ വഴിയുള്ള ഗോത്ര പാരമ്പര്യം, കരകൗശലങ്ങൾ,സാമൂഹിക ഘടനകൾ, സാംസ്കാരിക പൈതൃകം എന്നിവയെ സംബന്ധിച്ച സാംസ്കാരികമായി സൂക്ഷ്മമായ പാഠങ്ങൾ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഉൾപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.നൂൽപ്പുഴയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രമ സ്കൂൾ കാട്ടുനായ്ക്കർ ഉൾപ്പടെയുള്ള ഗോത്രവർഗ്ഗ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഴത്തിലുള്ള സ്വാധീനത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച കത്തിൽ 1991-ൽ സ്ഥാപിതമായ ഈ സ്കൂൾ, പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് പാരമ്പര്യമായി വിട്ടുനിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ നിർണായക പങ്ക് വഹിച്ചതായും പറയുന്നു.രാജ്യത്തെ എല്ലാ EMRS വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്,വർഷത്തിൽ ഒരിക്കൽ ഗോത്രസമ്പ്രദായങ്ങളെ ആഘോഷിക്കുന്നതും,EMRS അല്ലാത്ത സ്കൂളുകളെയും ക്ഷണിക്കുന്നതുമായ ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്,അവരുടെ സമ്പന്നമായ പാരമ്പര്യങ്ങളെ പ്രദർശിപ്പിക്കാനും പൊതുജനങ്ങളെ അതിനെക്കുറിച്ച് ബോധവൽക്കരിക്കാനുമുള്ള ഒരു സ്വാഗതാർഹമായ നീക്കം ആയിരിക്കുമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *