ഡൽഹി :വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനവും സമര്‍പ്പിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെ ആയിരുന്നു കൂടിക്കാഴ്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
◾ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
◾ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നു. വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്തംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.