കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ട് ആകുമ്പോൾ:കൃഷി മന്ത്രി പി.പ്രസാദ്:വണ്ണപ്പുറം സ്മാർട്ട്‌ കൃഷി ഭവൻ ഉദ്ഘാടനം കൃഷി മന്ത്രി നിർവ്വഹിച്ചു

കൃഷിഭവൻ സ്മാർട്ടാകുന്നത് സേവനങ്ങൾ സ്മാർട്ട് ആകുമ്പോൾ:കൃഷി മന്ത്രി പി.പ്രസാദ്:വണ്ണപ്പുറം സ്മാർട്ട്‌ കൃഷി ഭവൻ ഉദ്ഘാടനം കൃഷി മന്ത്രി നിർവ്വഹിച്ചു

തൊടുപുഴ : കൃഷിഭവൻ സ്മാർട്ട് ആകുന്നത് കേവലം നല്ല കെട്ടിടം ഉണ്ടായതുകൊണ്ടോ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചത് കൊണ്ടോ അല്ല എന്നും കൃഷിഭവൻ എന്ന ആശയം അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുന്നത് കർഷകർക്ക് നൽകുന്ന സേവനങ്ങൾ സ്മാർട്ട് ആകുമ്പോഴാണെന്നും കൃഷി മന്ത്രി പി.പ്രസാദ്. ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ (വണ്ണപ്പുറം സ്മാർട്ട്‌ കൃഷി ഭവൻ) ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേവലം മീറ്റിങ്ങുകളിൽ പങ്കെടുക്കലുകളും റിപ്പോർട്ടുകൾ സമർപ്പിക്കലും ആയി കൃഷി ഉദ്യോഗസ്ഥരുടെ സേവനം പരിമിതപ്പെടാൻ പാടില്ല.സ്മാർട്ടായി ഓഫീസ് കാര്യങ്ങൾ പൂർത്തിയാക്കി കൂടുതൽ സമയം കൃഷിയിടങ്ങളിൽ ചെലവഴിക്കാൻ കൃഷി ഉദ്യോഗസ്ഥർക്ക് കഴിയണം.വിപണിയിലെ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഉത്പാദിപ്പിക്കുന്ന കർഷകന് വില നിർണയിക്കാൻ കഴിയാത്ത സ്ഥിതി ഉള്ളത്.ഇതിന് മാറ്റം വരണമെങ്കിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായി കർഷകരുടെ ഉൽപ്പന്നങ്ങളെ മാറ്റാൻ ശ്രമിക്കണം. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന ആശയത്തിലൂടെ കേരളത്തിൽ ഏതാണ്ട് 4000 ത്തോളം ഉത്പന്നങ്ങൾ ഇതിനോടകം മൂല്യവർദ്ധിത മേഖലയിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.കേരള ഗ്രോ എന്ന ബ്രാൻഡും കൃഷിവകുപ്പ് കർഷകർക്കായി രൂപീകരിക്കുകയും കേരളത്തിൽ ഇതിനോടകം 15 കേരള ഗ്രോ ബ്രാൻഡ് ഷോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളുടെ സാധ്യതകൾ കർഷകർ പരമാവധി ഉപയോഗപെടുത്തണം മന്ത്രി കൂട്ടിച്ചേർത്തു.

വണ്ണപ്പുറത്തിന്റെ പരിസ്ഥിതിക സവിശേഷതകളെ അടിസ്ഥാനമാക്കി ഒരു വിള ഉത്പാദന പ്ലാൻ തയ്യാറാക്കുന്നതിന് കൃഷി ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും കർഷകരോടും മന്ത്രി ആഹ്വാനം ചെയ്തു.കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട്‌ മുഖേന ലഭ്യമാകുന്ന പദ്ധതികളും ഉപയോഗപ്പെടുത്താൻ കർഷകർക്ക് കഴിയണം.
കൃഷിയിട ആസൂത്രണത്തിലൂടെ മികച്ച വരുമാനം ലഭ്യമാകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.വന്യജീവി ആക്രമണം തടയുന്നതിന് ചരിത്രത്തിൽ ആദ്യമായി കൃഷി വകുപ്പ് 2 കോടി രൂപ അനുവദിച്ചു എന്നും, വന്യജീവികളെ പ്രതിരോധിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഹൈദരാബാദിലെ NAARM (നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്മെന്റ്) എന്ന സ്ഥാപനം വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വന്യജീവി ആക്രമണം പ്രതിരോധിക്കുന്ന ഉപകരണങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിൽ തൊടുപുഴയെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.തൊടുപുഴ എം.എൽ.എ.പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘടന യോഗത്തിന് വണ്ണപുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു എം.എ. സ്വാഗതം ആശംസിച്ചു. മുതിർന്ന കർഷകനായ സേവ്യർ ഔസേപ്പ് കുന്നപ്പള്ളിയെ മന്ത്രി വേദിയിൽ ആദരിച്ചു.ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ എബ്രഹാം സെബാസ്റ്റ്യൻ സ്മാർട്ട് കൃഷിഭവൻ പദ്ധതി വിശദീകരണം നടത്തി.ആത്മ പ്രോജക്ട് ഡയറക്ടർ ഡീനാ എബ്രഹാം സോയൽ ഹെൽത്ത് കാർഡ് വിതരണം നടത്തി.ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം,വണ്ണപ്പുറം വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്,ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി,മറ്റു ജനപ്രതിനിധികൾ കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ഉദ്ഘടന ചടങ്ങിന് കൃഷി ഓഫീസർ അഭിജിത്ത് പി.എച്ച് നന്ദി പ്രകാശിപ്പിച്ചു.

കാർഷിക സേവനങ്ങൾക്ക് കാര്യക്ഷമതയും സുതാര്യവുമായി കർഷകരുടെ വിരൽതുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘Establishment of Smart Krishi bhavan in Kerala” പദ്ധതിയുടെ ഭാഗമായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കർഷകർക്ക് വിളകളുടെ ആരോഗ്യ നിർണയം നടത്തുന്നതിനു വേണ്ടി ഉള്ള Plant Health Clinic,വിള ഇൻഷുറൻസ്,കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ അപേക്ഷകൾ നൽകുവാനും വിവരങ്ങൾ അറിയുവാനുമായുള്ള ഫ്രണ്ട് ഓഫീസ്,തുടങ്ങി നിരവധി സേവനങ്ങൾ ഉൾപ്പെടുത്തിയാണ് സ്മാർട്ട്‌ കൃഷി ഭവൻ പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തെ എല്ലാ കൃഷി ഓഫിസുകളും ഘട്ടം ഘട്ടമായി സ്മാർട്ട് ആക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം മന്ത്രി പറഞ്ഞു.31.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ള പദ്ധതിയിൽ 1.38 കോടി ചിലവഴിച്ചാണ് കേരള ലാൻ്റ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ മുഖാന്തിരം വണ്ണപ്പുറം സ്മാർട്ട്‌ കൃഷിഭവൻ നിർമ്മാണം പൂർത്തിയാക്കിയത്.2 നിലകളിലായി 3380.5 ച.അടി വിസ്തൃതിയിലാണ് സ്‌മാർട്ട് കൃഷി ഭവൻ നിർമ്മിച്ചിരിക്കുന്നത്.ഇതിനു പുറമെ 17.70 ലക്ഷം ചിലവിൽ ഫർണിച്ചർ സാമഗ്രികളും സ്ഥാപനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.സ്മാർട്ട് കൃഷിഭവന്റെ പ്രവർത്തനത്തിന് ആവശ്യമായ ലാപ്ടോപ്പുകൾ,LED TV,ഓഫീസ് ഇൻവെർട്ടർ, ഡിജിറ്റൽ സ്റ്റാന്റി തുടങ്ങിയ ഡിജിറ്റൽ സാമഗ്രികൾ 9.33 ലക്ഷം രൂപ ചിലവഴിച്ച് കെൽട്രോൺ മുഖേന സജ്ജമാക്കിയിട്ടുണ്ട്.നിർമാണം പൂർത്തീകരിച്ച കൃഷി ഭവനിൽ മികച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ ലൈബ്രറി,പ്ലാന്റ് ഹെൽത്ത്‌ ക്ലിനിക്, ബയോ ഫാർമസി,ഇക്കോ ഷോപ്പ് തുടങ്ങിയവയും പ്രവർത്തന ക്ഷമമാക്കിയിട്ടുണ്ട്.കർഷകർക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിന് ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രെയിനിങ് ഹാളും വണ്ണപ്പുറം സ്മാർട്ട് കൃഷി ഭവൻ്റെ പ്രത്യേകതയാണ്

Leave a Reply

Your email address will not be published. Required fields are marked *