കണ്ണൂർ: അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാക്കുക എന്നതാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കാരുണ്യ ഫാർമസികളിലൂടെ വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ട് ശതമാനം സേവന ചിലവ് മാത്രം ഈടാക്കിക്കൊണ്ട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായി ഒഴിവാക്കിക്കൊണ്ടുമാവും കൗണ്ടറുകൾ പ്രവർത്തിക്കുക.
സംസ്ഥാനത 30 വയസ്സിന് മുകളിലുള്ളവരിൽ 9 ലക്ഷം പേർക്ക് കാൻസർ ബാധിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. അതിൽ കൂടുതൽ സാധ്യത സ്തനാർബുധത്തിനാണ്.
എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി രണ്ടരക്കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 26% മുതൽ 96% വരെ മരുന്നുകൾക്ക് വിലക്കുറവ് ഉണ്ടാകും. 72 കാരുണ്യ ഫാർമസിയും നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളം വളരെ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. പകർച്ചവ്യാധികളുടെ വ്യാപനം, ജന്തു ജല രോഗങ്ങളുടെ വർദ്ധനവ്, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയിൽ നാം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. അതിൽ ഒന്നാണ് ക്യാൻസർ രോഗം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ഷീബ ദാമോദർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാരുണ്യ ഫാർമസിയിൽ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കാൻസർ മരുന്ന് ലഭ്യമാക്കുക. ഓൺലൈൻ ചടങ്ങിൽ ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ സുപ്രണ്ട് ഡോ. കെ സുദീപ് , ഡോ പി.കെ അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.