സുൽത്താൻ ബത്തേരി : കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി പി.സി.സന്തോഷ് കുമാറിനെയും ഡ്രൈവർ ജിനീഷിനെയും എട്ടംഗ സംഘം ആക്രമിച്ച് വാഹനം കവർന്നത്.കേടുപാടുകൾ വരുത്തിയ നിലയിൽ വാഹനം പിറ്റേന്ന് പുലർച്ചെ 40 കിലോമീറ്റർ അകലെ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ നിന്ന് കണ്ടെത്തിയിരുന്നു.സുൽത്താൻബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
