ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി

ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി

,വാളാട് (മാനന്തവാടി) : വയനാടിൻ്റെ തനതുൽപന്നങ്ങളും വിളകളും വിപണിയിലെത്തിക്കാൻ ആകർഷകമായ പദ്ധതികൾ വേണമെന്ന് വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ ഭക്ഷ്യ സംസ്കരണ പദ്ധതികൾ ഉണ്ടാകണം. കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ ആകർഷകമായ മാർക്കറ്റിങ് പദ്ധതികൾ ഉണ്ടാകണം. നാട്ടിലെ കർഷകർക്ക് പരമാവധി പിന്തുണ ലഭിക്കണം. കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ച സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ മികച്ച ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കുടിവെള്ള സംവിധാനങ്ങളും വേണം. 2016 മുതൽ ഇവിടുത്തെ പ്രാഥമിക ആരോഗ്യം കേന്ദ്രം നവീകരിക്കുന്നതിന് വേണ്ടി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പിലായില്ല. വാളാട്- പെരിയാട് റോഡ് തകർന്നു. നെടുമ്പയൽ റോഡും തകർന്നു. ആദിവാസി വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരുപാട് പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. എന്നാൽ നരേന്ദ്രമോദി സർക്കാർ അതിന്റെ ഫണ്ട് വെട്ടിക്കുറച്ചത് മൂലം തൊഴിൽ ദിനങ്ങൾ കുറഞ്ഞു. ആദിവാസി മേഖലകളിൽ രാഹുൽഗാന്ധി മൊബൈൽ വാനുകൾ തുടങ്ങിയിരുന്നു. അത്തരത്തിലുള്ള ധാരാളം പദ്ധതികൾ നടപ്പിലാക്കണം. വന്യജീവി- മനുഷ്യ സംഘർഷങ്ങൾ മൂലം മനുഷ്യന് ജീവഹാനി സംഭവിക്കുകയും വിളകൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അത് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. പകലന്തിയോളം കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന വിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോഴുള്ള വേദന തനിക്ക് മനസിലാകും. നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും കർഷകർക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. പണിയ പോലെയുള്ള സമുദായങ്ങൾക്ക് കൂടുതൽ കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ, ബോർഡിങ് സ്കൂൾ, ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ജോലിയെടുത്തിട്ടും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ പത്ത് വർഷകാലത്ത് രാജ്യത്തെ ഓരോ ജനാധിപത്യ സ്ഥാപനങ്ങളെയും കേന്ദ്രസർക്കാർ ദുർബലപ്പെടുത്തിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *