കല്‍പ്പറ്റ : വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും, നിര്‍ണായ സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ നടപടി ദുരന്തബാധിതരോടുള്ള കടുത്ത അനീതിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും, വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്കാഗാന്ധി. ദുരന്തത്തില്‍പ്പെട്ടവര്‍ കൂടുതല്‍ അര്‍ഹിക്കുന്നു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അവശ്യസഹായം നിഷേധിക്കുകയാണ്. സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിപ്പിക്കുന്ന അനീതിയാണിത്. ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ചു, ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട് കണ്ടു, എന്നിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയും, സഹായങ്ങള്‍ തടയുകയും ചെയ്യുകയാണ്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വലിയ ദുരിതമനുഭവിക്കുന്ന സമയത്തും ഇതു തന്നെയാണ് ചെയ്തത്. മുന്‍കാലങ്ങളിലൊന്നും ഇത്രയും വലിയ ദുരന്തങ്ങള്‍ ഇങ്ങനെ രാഷ്ട്രീയവത്കരിക്കപ്പെട്ടിരുന്നില്ല. ദുരന്തം നേരിട്ടവര്‍ക്ക് നല്‍കേണ്ട സഹായവും പിന്തുണയും രാഷ്ട്രീയകാരണങ്ങളാല്‍ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവാത്തതാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.