കല്‍പ്പറ്റ : ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് നിത്യസ്മാരകവും പുത്തുമലയിലുള്ള ശ്മശാനത്തിന് ഗേറ്റും, ചുറ്റുമതിലും, റോഡും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്, റവന്യു വകുപ്പ് മന്ത്രി കെ.രാജന്, വയനാട് ജില്ലാ കളക്ടര്‍ ശ്രീമതി. മേഘശ്രീ ഡി.ആര്, ഐ.എ.എസ് എന്നിവര്‍ക്ക് കത്ത് നല്കി.
ഉരുള്‍പൊട്ടലില്‍ പുഞ്ചിരിമട്ടവും, ചൂരല്‍മലയും, മുണ്ടകൈയും നാമാവശേഷമായിരിക്കുകയാണ്. പിഞ്ചുപൈതങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ജീവിത പങ്കാളികളെയും നഷ്ടമായവര്‍ നിരവധിയാണ്. ദുരന്തത്തില്‍ മരണപ്പെട്ടയാളുകളുടെ മൃതദേഹം പുത്തുമലയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചിട്ടുള്ളത്. ദുരന്തബാധിതരില്‍ പലരും തങ്ങളുടെ മരണപ്പെട്ടവരെ കാണാന്‍ ശ്മശാനത്തില്‍ ഇടക്കിടെ എത്താറുണ്ട്. കൂടാതെ ദുരന്തഭൂമിയുള്പ്പെടെ സന്ദര്‍ശിക്കാന്‍ നിരവധിയാളുകള്‍ മറ്റിടങ്ങളില്‍ നിന്നും എത്തുന്നുമുണ്ട്. ഈ സമയങ്ങളില്‍ പലപ്പോഴും തങ്ങളുടെ കുടുംബാംഗങ്ങളുടെ മൃതശരീരം അടക്കം ചെയ്ത സ്ഥലത്ത് വളര്‍ത്ത് മൃഗങ്ങള്‍ ഉള്‍പ്പെടെ മേയുന്ന ദയനീയ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതിനാല്‍ അടിയന്തിരമായി പുത്തുമല ശ്മശാനത്തിന് ചുറ്റുമതിലും, ഗേറ്റും സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ ഈ ശ്മശാനത്തിന് സമീപത്തായി ദുരന്തത്തിന്റെ ആഘാതം വിവരിച്ച് കൊണ്ട് ഒരു നിത്യസ്മാരകം നിര്‍മ്മിക്കുകയാണെങ്കില്‍ പ്രദേശം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ദുരന്തത്തെ കുറിച്ച് അവബോധമുണ്ടാകും.
ശ്മശാനത്തിലേക്ക് ഗതാഗതയോഗ്യമായ ഒരു റോഡ് ഇല്ലാത്തതിനാല്‍ വളരെ പ്രയാസത്തിലാണ്. അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കേണ്ടതുണ്ട്. കൂടാതെ സന്ദര്‍ശകര്‍ക്ക് ഈ ദുരന്തത്തെകുറിച്ച് കൂടുതല്‍ അറിയുന്നതിനായി വീഡിയോ പ്രദര്‍ശനവും, ദുരന്തസമയത്ത് വന്ന വാര്‍ത്തകളും, ദൃശ്യങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ പുതുതലമുറയിലെ കുട്ടികള്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് ദുരന്തത്തെ കുറിച്ച് ഒരു അവബോധം നല്‍കാനാവുന്നതാണ്. കൂടാതെ ശ്മശാനത്തില്‍ വരുന്ന ദുരന്തബാധിതകര്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിനായി പ്രദേശത്ത് ഒരു കെട്ടിടം നിര്‍മ്മിക്കണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു. പ്രസ്തുത പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി SASCI പദ്ധതിയുടെ സേവിംഗ്സ് ബാലന്‍സ് തുകയിലോ, സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലോ ഉള്‍പ്പെടുത്തി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തി ഡി.പി.ആര് തയ്യാറാക്കി പ്രവൃത്തി നടത്തുന്നതിനുള്ള പണം അനുവദിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.