ഉപസംവരണം തടയാനും പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കാനും പ്രക്ഷോഭം ആരംഭിക്കും

ഉപസംവരണം തടയാനും പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കാനും പ്രക്ഷോഭം ആരംഭിക്കും


കൽപ്പറ്റ : എസ്.സി.എസ്.ടി. ലിസ്റ്റിൽ ക്രീമിലെയറും ഉപസംവരണവും നടത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ ദേശീയ പ്രക്ഷോഭ പരിപാടികൾ 2025 ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്ന് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഫെബ്രുവരി ആദ്യവാരം ഡൽഹിയിൽ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻസ്” എന്ന ആദിവാസി ദളിത് കൂട്ടായ്മയിലാണ് ഇത് പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി 2024 ഒക്ടോബർ 13,14 തീയതികളിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്ത സൗത്ത് ഇന്ത്യൻ കോൺ ക്ലേവ് കോട്ടയത്ത് നടന്നിരുന്നു. കേരളത്തിലെ ദളിത് ആദിവാസി സംഘടനകളും തമിഴ്നാട്ടിലെ വി.കെ.സി പാർട്ടിയുമാണ് ( വിടുതലൈ ചിരുത്തൈകൾ കക്ഷി) ഇതിന് നേതൃത്വം നൽകിയത്. നവംബർ 23,24 തീയതികളിൽ എറണാകുളം റിന്യൂവൽ സെന്ററിൽ കേരളത്തിൽ നിന്നും ഡൽഹി സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വേണ്ടി ദ്വിദിന ശില്പശാല സംഘടിപ്പിക്കും.

എസ്. സി/എസ്. ടി ലിസ്റ്റിൽ മാറ്റം വരുത്താനുള്ള അധികാരം ഭരണഘടനയുടെ 341,342 ഇന്ത്യൻ പാർലമെന്റിനാണ്.അതു മറികടന്നാണ് എസ്. സി/എസ്. ടി ലിസ്റ്റ് വിഭജിച്ച് വെവ്വേറെ ജാതികൾക്ക് സംവരണം നൽകാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോട് ശുപാർശ ചെയ്തിരിക്കുന്നത്.എസ്. സി/എസ്. ടി ലിസ്റ്റ് വിഭജിച്ചാൽ അതി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ അവസരം കിട്ടുമെന്ന പ്രതീക്ഷ പണിയ,അടിയ, കാട്ടുനായ്ക്കാ, വേട്ടക്കുറുമ, വേടൻ, നായാടി, ചക്ലിയ, അരുന്ധതിയാർ, കള്ളാടി തുടങ്ങിയ വിഭാഗങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. അതിനാണ് എസ്. സി/എസ്.ടി വിഭജിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരും തൽപ്പരകക്ഷികളും പ്രചരിപ്പിക്കുന്നത്. എന്നാൽ ഉപവർഗീകരണം വഴി അതി പിന്നോക്കം നിൽക്കുന്ന എണ്ണത്തിൽ കുറവുള്ള ജാതി-ഗോത്ര വിഭാഗങ്ങൾ വംശീയമായി തുടച്ചുനീക്കപ്പെടും എന്ന് വിവിധ സംസ്ഥാനങ്ങളിൽ രൂപം നൽകിക്കൊണ്ടിരിക്കുന്ന നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്.ആന്ധ്ര, തെലുങ്കാന,പഞ്ചാബ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഉപവർഗ്ഗീകരണത്തിനായി നിയമങ്ങൾ പരിഗണിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശിൽ 15 % സംവരണമുള്ള പട്ടികജാതി വിഭാഗങ്ങളെ എ, ബി, സി, ഡി എന്ന ക്രമത്തിൽ നാലു വിഭാഗങ്ങളായാണ് വിഭജിച്ചത്. ആകെയുള്ള 15 ശതമാനത്തിൽ 7% വും 6% വും ജനസംഖ്യയിൽ കൂടുതലുള്ള (35 ലക്ഷമുള്ള ) മാഡിക, മാല എന്നീ വിഭാഗങ്ങൾ പങ്കിട്ടെടുത്തു. അതിപിന്നോക്കക്കാർ 1%വും, കൂടുതൽ പ്രാതിനിധ്യം ഉണ്ടായിരുന്ന മറ്റൊരു വിഭാഗത്തിന്1% വും നൽകി. ആന്ധ്ര,തെലുങ്കാന,കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാഡിക സമുദായം 85 ലക്ഷത്തോളം വരും. ആന്ധ്രയിലെ മാഡിക വിഭാഗമാണ് പ്രത്യേക ക്വാട്ടയും ഉപവർഗീകരണവും വേണമെന്ന് ശബ്ദമുയർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെ അതിനെ പിന്തുണച്ചു. ഇപ്പോൾ ബി.ജെ.പി സർക്കാർ മാഡിക മോഡലിനെ ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കാൻ സുപ്രീംകോടതി വിധി ഉണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ 1800 ഓളം എസ്. സി/എസ്.ടി വിഭാഗങ്ങളുണ്ട്. 99% വിഭാഗങ്ങളും ഉപവർഗീകരണം ആവശ്യപ്പെട്ടിരുന്നില്ല. ജാതി സംഘർഷങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുന്ന പദ്ധതിയായാണ് ബി.ജെ.പി സർക്കാർ ഇതിനെ ഉപയോഗിക്കുന്നത്.

2% മാത്രം സംവരണം ഉള്ള കേരളത്തിലെ ഗോത്ര വർഗ്ഗ വിഭാഗങ്ങളെ എ,ബി,സി,ഡി എന്ന നിലയിൽ ഉപവിഭാഗങ്ങളാക്കിയാൽ പണിയ, അടിയ തുടങ്ങിയവരും പി.വി.ടി.ജി വിഭാഗങ്ങളും ഒരു ശതമാനത്തിൽ താഴെ പങ്കു ലഭിക്കുന്നവരായി ചുരുങ്ങും.പി. എസ്. സി നിയമനങ്ങളിൽ 44-ാം സ്ഥാനമുള്ള പട്ടികവർഗ്ഗക്കാരിൽ അവസരം കണ്ടെത്തുന്നത് കൂടുതൽ ശ്രമകരമാകും. പഞ്ചായത്ത്, വികസന പദ്ധതികളിലും സങ്കീർണതകൾ ഉണ്ടാകും. ഉപവർഗ്ഗീകരണം ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമീപനം മാത്രമേ എണ്ണത്തിൽ കുറവുള്ളതും, അതിപിന്നോക്കക്കാരുമായ വിഭാഗങ്ങൾക്ക് ഗുണം ചെയ്യുകയുള്ളൂ. അതി പിന്നോക്കക്കാർ ആരെന്ന് വ്യക്തമായ ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ തലത്തിൽ ഭരണഘടനാ സ്ഥാപനങ്ങൾ നിർണ്ണയിക്കണം. ഉപവർഗ്ഗീകരിക്കാതെ അവർക്ക് പ്രത്യേക പ്രാതിനിധ്യം (പ്രത്യേകം റിക്രൂട്ട്മെന്റ്, പ്രത്യേക പാക്കേജുകൾ എന്നിവ ) ഉറപ്പാക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരണം. ഇതുകൂടാതെ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എസ്. സി/എസ്.ടി വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭരണഘടന പരിഷ്കാര നടപടികൾ കൊണ്ടുവരണം.എസ്. സി/എസ്. ടി വകുപ്പിൽ പ്രത്യേക ക്വാട്ട നിയമനത്തിന് മാറ്റുക; പെസനിയമം നടപ്പാക്കി ഗ്രാമസഭാ ഭരണത്തിൽ എസ്. ടി വിഭാഗങ്ങൾക്ക് മുൻഗണന നൽകുക; പഞ്ചായത്ത് രാജ് സർവ്വീസ് നടപ്പാക്കി പ്രത്യേക ക്വാട്ട ഏർപ്പെടുത്തുക. പി. എസ്.സി നിയമന റോസ്ട്രത്തിൽ എസ്. ടി
വിഭാഗങ്ങൾക്ക് മുൻഗണന നൽകുക; അതിപിന്നോക്കക്കാരായ എസ്. സി ഭാഗങ്ങൾക്കും അത്തരം നിയമ പരിരക്ഷ ഉറപ്പ് വരുത്തുക; പ്രമോട്ടർ- സോഷ്യൽ വർക്കർമാർ- മെൻ്റർ ടീച്ചർമാർ-തുടങ്ങിയവരെ കുറഞ്ഞ വേതനം നൽകി പാർട്ടി – ഉദ്യോഗസ്ഥ അടിമകളാക്കി മാറ്റിയ നടപടി അവസാനിപ്പിച്ച് സ്ഥിര നിയമനമാക്കുക. തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന സർക്കാർ ഉടനടി ചെയ്യേണ്ടതാണ്. കൂടാതെ നിയമസഭാ മണ്ഡലത്തിലും, പഞ്ചായത്ത് രാജിലും ആനുപാതികമായി പ്രാതിനിധ്യം നൽകുന്നതോടൊപ്പം കൃഷി ഭൂമിയും, വിദ്യാഭ്യാസ പാക്കേജും, ഉപജീവനമാർഗ്ഗവും ഉറപ്പാക്കാനുള്ള സമഗ്രമായ വികസന പദ്ധതികളുമാണ് അതി പിന്നോക്കകാർക്ക് വേണ്ടി സർക്കാർ നടപ്പാക്കേണ്ടത്. ഇത്തരം പരിരക്ഷാ പദ്ധതികൾ ഉറപ്പാക്കാനുള്ള കേന്ദ്ര നിയമത്തിനാണ് ഡൽഹിയിൽ നടക്കുന്ന ‘നാഷണൽ കോൺക്ലേവ് ഓഫ് എസ്. സി/ എസ്.ടി ഓർഗനൈസേഷൻസ്’ ആവശ്യപ്പെടുക. അതോടൊപ്പം കേന്ദ്ര – പൊതുമേഖല – ജുഡീഷ്യറി – എയ്ഡഡ് മേഖലകളിൽ SC/ST സംവരണം പൂർണ്ണമായി നടപ്പാക്കാനും സ്വകാര്യമേഖലയിൽ സംവരണത്തിനും മൂലധന നിക്ഷേപത്തിനും നിയമനിർമ്മാണത്തിനുള്ള രൂപ രേഖയും ദേശീയ കോൺക്ലേവിൽ അവതരിപ്പിക്കും.എം.ഗീതാനന്ദൻ
(കോ – ഓർഡിനേറ്റർ : കേരള കോ-ഓഡിനേഷൻ കമ്മറ്റി, ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഓഫ് എസ്.സി/എസ്.റ്റി ഓർഗനൈസേഷൻസ്)പി.ജി ജനാർദ്ദനൻ
(സെക്രെട്ടറി, ഗോത്ര മഹാസഭ)സി.ജെ.തങ്കച്ചൻ(ആദി ജനസഭ)ശ്രീജിത്ത് പി.ശശി(കെ.പി.എം.എസ്)
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *