മേപ്പാടി : വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊള്ളരുതായ്മയ്കള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അടയാളപ്പെടുത്തുന്നതായിരിക്കുമെന്ന് ബെന്നി ബഹന്നാന് എം പി. പ്രിയങ്ക ഗാന്ധിയുടെ മേപ്പാടി പഞ്ചായത്തിലെ പൂത്തക്കൊല്ലി പ്രദേശത്തെ യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിനെ വഞ്ചിക്കുന്ന സമീപനമാണ് ഇരു സര്‍ക്കാരുകളും സ്വീകരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ പോലും വയനാടിനെ സഹായിക്കാന്‍ രണ്ടു സര്‍ക്കാരുകളും തയ്യാറായില്ല. മെഡിക്കല്‍ കോളേജ്,റെയില്‍വേ,തുരങ്കപാത എല്ലാം വയനാടന്‍ ജനതയ്ക്ക് വെറും സ്വപ്നങ്ങളായി അവശേഷിക്കുകയാണ്. പദ്ധതികള്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് പൂത്തക്കൊല്ലി ചെയര്മാന് ഉമ്മര്‍ പി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയര്മാന് ടി ഹംസ,കണ്‍വീനര്‍ പി പി ആലി,ബി സുരേഷ് ബാബു,സലീം മേമന,ടി നാസര്‍,സാബു മാവേലിക്കര,ഒ ഭാസ്കരന്,പി കെ അഷ്റഫ്,മുഫീദ തെസ്നി തുടങ്ങിയവര്‍ സംസാരിച്ചു.
