കൽപ്പറ്റ : സുരക്ഷിതമായ ഔഷധോപയോഗത്തിനു കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പംതന്നെ കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാജിദ് എം അധ്യക്ഷത വഹിച്ചു.കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് മുഖ്യപ്രഭാഷണം നടത്തി.എൽസൺ പോൾ,കെ. ദിനേശ്,എം ഹിരോഷി,സജീബ് ഒ. ടി,റെജി. കെ, ശ്രീവിദ്യ കെ തുടങ്ങിയവർ സംസാരിച്ചു.കേരളത്തിലെ ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിൻ്റെ ആദ്യ ഘട്ടമാണ് ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ മലയാളി ഫാർമസിസ്റ്റുകൾ കാണിക്കുന്ന പ്രവർത്തനനങ്ങൾക്ക് പ്രചോദനവും നേതൃപരമായ പിന്തുണയും നൽകുവാൻ കെ.പി.പി.എ നടത്തുന്ന ശ്രമങ്ങളെയും ജുനൈദ് കൈപ്പാണി അഭിനന്ദിച്ചു.പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന തെറ്റായ മരുന്നുപയോഗത്തെ സംബന്ധിച്ചു കെ.പി.പി.എ നടത്തുന്ന ബോധവത്കരണപരിപാടി പ്രശംസനീയമാണെന്നും ജുനൈദ് പറഞ്ഞു. ഇന്ത്യയിൽ ഏകദേശം പത്തുലക്ഷത്തോളം ഫാർമസിസ്റ്റുകൾ ഫാർമസി അനുബന്ധ മേഖലയിൽ ജോലി ചെയ്തു വരുന്നു. ലോകത്തിലെ ആരോഗ്യ മേഖലയിലെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വലിയ പ്രൊഫഷനാണ് ഫാർമസി. അതിൽ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് മലയാളി ഫാർമസിസ്റ്റുകളെന്നും ജുനൈദ് കൈപ്പാണി ഉണർത്തി.മരുന്നുകൾ ശരിയായ അളവിലും വിലയിലും ഗുണമേന്മയിലും ലഭിക്കണമെന്നത് ഒരു പൗരന്റെ അവകാശം എന്നതുപോലെ പ്രധാനമാണ് അവ കൈകാര്യം ചെയ്യേണ്ടത്. മരുന്നുകളുടെ ദുരുപയോഗവും സ്വയം ചികിത്സയും തടയേണ്ടതും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടതും ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനെ ഓർമിപ്പിക്കുന്നതാണ് ”ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുക” എന്ന ഈ തവണത്തെ ഫാർമസി ദിന വിഷയമെന്നും ജുനൈദ് പറഞ്ഞു.