ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും:മുഖ്യമന്ത്രി പിണറായി വിജയൻ

ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും:മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്,മൂന്ന്,നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ,അതായത് 2028 ൽ തന്നെ ഈ മൂന്ന് ഘട്ടങ്ങളും സംയോജിപ്പിച്ച് വിഴിഞ്ഞത്തിന്റെ തുടർവികസനം പൂർത്തിയാക്കും.2035 മുതൽ സംസ്ഥാന സർക്കാരിന് വരുമാന വിഹിതം ലഭിച്ചു തുടങ്ങും.
പൂർണ്ണതോതിലുള്ള വികസന പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയാകുന്നതിനാൽ സർക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാൾ വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.2024 ജൂലായിൽ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പ് വന്നു.2025 മെയ് 2ന് ഈ തുറമുഖം നാടിനു സമർപ്പിക്കുകയും ചെയ്തു.’ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്.ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി കേരളം യാഥാർഥ്യമാക്കി കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് ഒരു പ്രധാന ശക്തിയായി മാറുകയാണ്.വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
പ്രതിവർഷം 10 ലക്ഷം ടി യു ഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ വെറും 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിൽ.

ആദ്യ വർഷം തന്നെ 615 കപ്പലുകളും 1.32 ദശലക്ഷം കണ്ടെയ്‌നറുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു.2025 ഡിസംബറിൽ മാത്രം 1.21 ലക്ഷം ടി ഇ യു കൈകാര്യം ചെയ്തു.ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും ഡ്രാഫ്റ്റ് കൂടിയതുമായ കപ്പലുകൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടു.അതുവഴി ഈ തുറമുഖത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു.
പ്രതിമാസം 50ലേറെ കപ്പലുകൾ ഈ തുറമുഖത്ത് വന്നുപോകുന്നു.ചുരുങ്ങിയ സമയംകൊണ്ട് 1,000 കപ്പലുകൾ എന്ന നേട്ടം കയ്യെത്തും ദൂരത്തുണ്ട്. വിഴിഞ്ഞത്തിന് മുൻപു പ്രവർത്തനം തുടങ്ങിയ പല തുറമുഖങ്ങളെയും പിന്നിലാക്കിയാണ് വിഴിഞ്ഞത്തിന്റെ ഈ കുതിപ്പ്. നാടിനാകെ അഭിമാനകരമായ കാര്യമാണിത്.

ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞത്തിനാണ്.വിഴിഞ്ഞം സ്വദേശികളായ സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിച്ചാണ് മാതൃകാപരമായ ഈ നേട്ടം കൈവരിച്ചത്. സ്ത്രീസൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തെ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റായി കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്.ഇതിലൂടെ അന്താരാഷ്ട്ര കപ്പൽ പാതയിലെ പ്രധാന കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബാകുന്നതോടൊപ്പം ഒരു പ്രധാന ക്രൂ ചേഞ്ച് ഹബ്ബായും വിഴിഞ്ഞം ശക്തിപ്പെടും. ആഡംബര ക്രൂയിസ് കപ്പലുകൾക്കും ഇനിമുതൽ വിഴിഞ്ഞത്ത് എത്തിച്ചേരുവാൻ സാധിക്കും. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് നൽകുന്ന ഉത്തേജനം ചെറുതല്ല.

രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയാണ്.നിലവിലെ 800 മീറ്റർ കണ്ടെയ്‌നർ ബെർത്ത് 2,000 മീറ്റർ ആയി വികസിപ്പിക്കുകയാണ്.ഇത് പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബെർത്ത് എന്ന നേട്ടവും വിഴിഞ്ഞം തുറമുഖം സ്വന്തമാക്കും.അതേപോലെ, നിലവിലുള്ള 2.96 കിലോമീറ്റർ പുലിമുട്ട് 3.88 കിലോമീറ്റർ ആയും വർദ്ധിപ്പിക്കും.നിലവിൽ തുറമുഖത്തിനായി നിർമ്മിച്ചിട്ടുള്ള പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴം കൂടിയ പുലിമുട്ടാണ്.രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി ഭൂമിയൊന്നും ഏറ്റെടുക്കേണ്ടി വരുന്നില്ല.പകരം കടൽ നികത്തിയാണ് ആവശ്യമായ ഭൂമി കണ്ടെത്തുന്നത്.നിലവിലുള്ളവയ്ക്കു പുറമെ 12 പുതിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ, 27 പുതിയ യാർഡ് ക്രെയിനുകൾ എന്നിവ സ്ഥാപിക്കും.

തുറമുഖത്തിന്റെ ഒന്നാം ഘട്ടം 24,000 ടി ഇ യു കണ്ടെയ്‌നർ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ളതാണ്.എന്നാൽ തുടർഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ, 28,840 ടി ഇ യുവരെ ശേഷിയുള്ള നെക്സ്റ്റ് ജെൻ കണ്ടെയ്‌നർ കപ്പലുകളെയും കൈകാര്യം ചെയ്യാൻ ഈ തുറമുഖം സജ്ജമാകും.മറ്റൊരു പ്രധാന കാര്യം, ഒരേസമയം 5 മദർഷിപ്പുകൾ വരെ കൈകാര്യം ചെയ്യാൻ പാകത്തിൽ തുറമുഖം വികസിക്കും എന്നതാണ്.ഇന്ത്യൻ തുറമുഖങ്ങളെ സേവിക്കുന്ന ഒരു ദേശീയ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായി പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖം,പൂർണ്ണ വികസനം കൈവരിക്കുന്നതോടെ രാജ്യാന്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി ഉയരും.അതായത്,ആഫ്രിക്ക,മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള തുറമുഖങ്ങളിലടക്കം, സേവനം എത്തിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ആരംഭിക്കുന്ന രണ്ടാംഘട്ട വികസനം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും.

വിഴിഞ്ഞത്ത് ഇതുവരെ ട്രാൻഷിപ്‌മെന്റ് മാത്രമാണ് നടത്തിവന്നിരുന്നത്.ഇപ്പോൾ റോഡു വഴിയുള്ള ചരക്കുനീക്കത്തിന് തയാറായിക്കഴിഞ്ഞു. തുറമുഖത്തെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന റോഡ് പൂർത്തിയായിരിക്കുന്നു.ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ റോഡുവഴിയുള്ള ചരക്കു നീക്കവും ആരംഭിക്കും.ഈ തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനായി 5,500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ മുടക്കിയത്.രാജ്യത്ത് മറ്റൊരു സർക്കാരും തുറമുഖ നിർമ്മാണത്തിനായി ഇത്രയും വലിയൊരു നിക്ഷേപം നടത്തിയിട്ടില്ല. രാജ്യത്തിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായാണ് ഇതിനെ കാണേണ്ടത്.

വിഴിഞ്ഞത്തിന്റെ തീരത്ത് നിന്ന് ലോകത്തിനു കേരളം നൽകുന്ന വലിയ സന്ദേശം ഇതാണ് ‘കേരളം മാറുകയാണ്,കേരളം മുന്നേറുകയാണ്’.ഇനിയും ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്. ജനങ്ങളുടെയാകെ പിന്തുണയോടെ അവയും പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തീരദേശ മേഖലയുടെ വികസനത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും തുറമുഖം മാതൃകയാകുമെന്നു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.മാരിടൈം മേഖലയിൽ കേരളത്തിന് നിർണായക സ്ഥാനമുണ്ട്‌. കാലങ്ങളായി ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി നിലനിൽക്കുന്ന ഇടമാണ് കേരളം.രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയിൽ കേരളം സുപ്രധാന പങ്കുവഹിക്കുന്നുവെന്നും സോനോവാൾ കൂട്ടിച്ചേർത്തു.

ഓഖി ദുരന്തം,പ്രളയം,കോവിഡ് മഹാമാരി, അസംസ്‌കൃത വസ്തുക്കളുടെ അഭാവം, തുടങ്ങിയ നിരവധി പ്രതിസന്ധി ഘട്ടങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇച്ഛാശക്തിയോടെ മറികടന്നത് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ സഹായിച്ചെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ്.ദുബായിലോ കൊളംബോയിലോ പോലും വരാത്ത എം.എസ്.സി ബെറോണ,എം.എസ്.സി ടർക്കി,എം.എസ്.സി ഐറീന തുടങ്ങിയ ഭീമൻ കപ്പലുകൾ ഉൾപ്പെടെ 42 ഓളം കപ്പലുകൾ ഇതിനോടകം വിഴിഞ്ഞത്തെത്തി.
റെയിൽവേ,എൻ.എച്ച് 66 എന്നിവയുമായുള്ള കണക്റ്റിവിറ്റി ജോലികൾ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കാൻ സാധിക്കും.അടുത്ത ഘട്ട നിർമ്മാണത്തിൽ, നിലവിലുള്ള 3000 മീറ്റർ ബ്രേക്ക് വാട്ടർ 4000 മീറ്ററായി വർദ്ധിപ്പിക്കും.കൂടാതെ,നിലവിലെ 800 മീറ്റർ ബർത്ത് 1200 മീറ്ററായി ഉയർത്തുന്നതോടെ ഒരേ സമയം അഞ്ച് മദർ ഷിപ്പുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന സാഹചര്യം ഉണ്ടാകും.

ഹെൽത്ത് സെന്ററുകൾ, കുടിവെള്ളം, സ്കൂൾ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളും വിഴിഞ്ഞം പദ്ധതിക്കൊപ്പം പ്രദേശത്ത് നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.എൻ. ബാലഗോപാൽ,ജി.ആർ.അനിൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,മേയർ അഡ്വ.വി.വി. രാജേഷ്,അഡ്വ.എ.എ.റഹിം എംപി, എം.എൽ.എമാരാരായ അഡ്വ എം.വിൻസന്റ്,ഒ. എസ്.അംബിക,കടകംപള്ളി സുരേന്ദ്രൻ,സി.കെ. ഹരീന്ദ്രൻ,കെ.ആൻസലൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,മറ്റ് ജനപ്രതിനിധികൾ, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറകർ കരൺ അദാനി,തുറമുഖ വകുപ്പ് സെക്രട്ടറി ഡോ.എ. കൗശിഗൻ,വി.ഐ.എസ്.എൽ മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *