കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ.പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം.ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് ‘മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്’ ഡോ.പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്.
“സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള സാങ്കേതികത:മെച്ചപ്പെട്ട റൊട്ടേറ്റർ കഫ് റിപ്പയർ ഫലപ്രാപ്തി” എന്ന വിഷയത്തിലുള്ള നവീന ഗവേഷണത്തിനാണ് ഡോ. പ്രിൻസ് ഈ ബഹുമതി നേടിയത്.വയോജനങ്ങളിൽ സാധാരണയായി കാണന്ന ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിരോഗം പതിവായി ഹിപ്പ്,സ്‌പൈൻ തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളിലാണ് കാണപ്പെടാറുള്ളത്,ഇത് ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി സ്കാൻ (DEXA) മുഖാന്തിരമാണ് വിലയിരുത്താറ്.
എന്നാൽ തോളിലെ ഓസ്റ്റിയോപൊറോസിസ് വിലയിരുത്താനായി കൂടുതൽ കൃത്യവും പ്രത്യേകതയുമുള്ള പരിശോധനാ രീതിയുടെ അഭാവം ഈ ഗവേഷണം പരിഹരിച്ചിരിക്കുന്നു.ഈ കണ്ടെത്തൽ ഭാവിയിൽ തോളിലെ അസ്ഥിക്ഷയം കണ്ടെത്താനും അതിനനുസരിച്ചുള്ള ചികിത്സയും നിയന്ത്രണ രീതികളും മെച്ചപ്പെടുത്താനും വഴിയൊരുക്കും.
“ക്ലിനിക്കൽ ഉത്തരവാദിത്തങ്ങൾക്കിടയിലും ഗവേഷണത്തിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഡോക്ടറുടെ കഴിവ് മികച്ച സമയപരിപാലനത്തിന്റെയും അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും തെളിവാണ്. ഈ നേട്ടം അസ്ഥിരോഗ ഗവേഷണ മേഖലയിലെ പ്രമുഖ ഗവേഷകനെന്ന നിലയിലുള്ള ഡോ. പ്രിൻസിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള സംഭാവനകൾ സഹപ്രവർത്തകർക്കും ചികിത്സാ ലോകത്തിനും പ്രചോദനമാവുമെന്നും പ്രതീക്ഷിക്കുന്നവെന്ന്” അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ സിഇഒ ഡോ.ഏബെൽ ജോർജ്ജ് പറഞ്ഞു.
