വടുവന്‍ചാല്‍ : അക്ഷരവെളിച്ചവുമായി വടുവന്‍ചാല്‍ ഗവ. ഹൈസ്കൂളില്‍ തിങ്കബെണിസ എന്ന പേരില്‍ ഗോത്രവര്‍ഗവിദ്യാര്‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി. പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ പിന്തുണയോടെ തുടങ്ങിയ ക്യാമ്പ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം എം.യു. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തിങ്കബെണിസ എന്നാല്‍ ഗോത്രഭാഷയില്‍ നിലാവെളിച്ചം എന്നാണ്. പത്താം ക്ലാസ്സില്‍ പിന്നാക്കക്കാരായ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മുഴുവന്‍ സമയവും അധ്യാപകരുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അധ്യാപകര്‍ കുട്ടികളോടൊപ്പം താമസിച്ച് ബുദ്ധിമുട്ടുള്ള മേഖലകളില്‍ സംശയനിവര്‍ത്തി വരുത്തുന്നു. പഠനവും മോട്ടിവേഷനും ഒരുമിച്ചു നടത്തുന്നുവെന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. എസ്.എം.സി. ചെയര്‍മാന്‍ കെ.ജെ. ഷീജോ അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ. പ്രസിഡന്റ് സിമി സുരേഷ്, ഷമീര്‍, പ്രഥമാധ്യാപിക എം. മീനാകുമാരി, ക്യാമ്പ് കണ്‍വീനര്‍ ഷാജന്‍ ബി തോമസ്, അധ്യാപകരായ കെ.രാജേഷ്, ബി.വി. സുകുമാരന്‍, ടി.ജെ. ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു.
