• admin

  • January 11 , 2020

: ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ സജീവമായി രംഗത്തിറക്കാന്‍ തീരുമാനിച്ച് ബി.ജെ.പി. പരമാവധി റാലികളില്‍ സ്മൃതി ഇറാനിയെ പങ്കെടുപ്പിക്കാനാണ് തീരുമാനം. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വീണ്ടും പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി മുന്നേറവേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. ഇത് മറികടക്കാനാണ് സ്മൃതി ഇറാനിയെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. യുവ ജനങ്ങള്‍ക്കിടയില്‍ സ്മൃതി ഇറാനിക്ക് നല്ല സ്വാധീനമുണ്ടെന്ന വിലയിരുത്തലിലാണ് ബിജെപി.പ്രസംഗ ശൈലിയും പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെ പൊടുന്നനെ നടത്തുന്ന ആക്രമണങ്ങളും ജനങ്ങള്‍ക്ക് ഇഷ്ടമാണെന്നും അത് കൊണ്ടാണ് സ്മൃതി ഇറാനിയെ കൂടുതല്‍ റാലികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നു. അതേസമയം ഡല്‍ഹിയില്‍ തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെയാണ് ആശ്രയിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രിയങ്കയെ സജീവമായി പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതോടൊപ്പം രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും റാലികളില്‍ പങ്കെടുപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലും മറ്റിടങ്ങളിലും പ്രിയങ്ക ഗാന്ധി നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധ നേടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി ഇത്തരം ഒരു ആലോചന നടത്തുന്നത്. ഷീല ദീക്ഷിത് കാലത്തെ നേട്ടങ്ങള്‍ പ്രചരണത്തില്‍ പറയുവാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബാക്കി സീറ്റുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.