• admin

  • March 1 , 2020

ന്യൂഡല്‍ഹി :

കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഭീതിയില്‍ നിന്നും മുക്തി നേടി ജനങ്ങള്‍ തെരുവുകളില്‍ സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 

കലാപത്തിനിരകളായവര്‍ക്കായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. മുടങ്ങിയ പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. വീടുകള്‍ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപത്തിന് ഇരയായവര്‍ക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താത്കാലിക സൗകര്യം സര്‍ക്കാര്‍ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും.

കലാപത്തിന് ഇരയായവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 69 അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്.

പ്രശ്‌നബാധിതമേഖലകള്‍ സുരക്ഷാസേനയുടെ നിരന്തര നിരീക്ഷണത്തിലാണുള്ളത്. ജനങ്ങളുടെ ഭീതി കുറയ്ക്കാന്‍ ഫ്ലാഗ് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. 

പ്രശ്‌നത്തിലേക്ക് നയിക്കുന്ന രീതിയില്‍ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പ്രചരിക്കുന്നത് തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തി. ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാട്ട്‌സ് ആപ്പ് നമ്പര്‍ സര്‍ക്കാര്‍ പരസ്യമാക്കിയിട്ടുണ്ട്.