• admin

  • February 13 , 2020

കോഴിക്കോട് : ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് . ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ 2020-21 ഗ്രാമസയിലാണ് തീരുമാനം. ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ ജില്ലാ പഞ്ചായത്തിന്റെ ആശുപത്രികള്‍, ഫാമുകള്‍, ചില വിദ്യാലയങ്ങളെ കൂടി ഉള്‍പ്പെടുത്തി സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ച് വൈദ്യുത ഉല്പാദനം വിപുലീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മാതൃകാപരമായി നടപ്പിലാക്കിയ പ്രൊജക്ടുകളും ഈ വര്‍ഷം പരിഗണിക്കേണ്ട നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗ്രാമസഭ തീരുമാനിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഓരോ പഞ്ചായത്തും ഓരോ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും സാധ്യമായ സ്ഥലങ്ങളില്‍ ജില്ലാ പഞ്ചായത്ത് കൂടി പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. നവകേരള സൃഷ്ടിക്കായി സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം നടക്കുകയാണ്. തകര്‍ന്ന മേഖലകള പുനരുജ്ജീവിപ്പിക്കുന്നതിനും ഭാവനാപൂര്‍ണമായ പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവര്‍ക്ക് ലഭ്യമായ ഫണ്ട് പൂര്‍ണമായും വിനിയോഗിക്കേണ്ടതുണ്ട്. ഇതിന്റെ ലക്ഷ്യപ്രാപ്തിക്കനുയോജ്യമായ രീതിയിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൊടിയ വരള്‍ച്ച, മഴക്കെടുതി, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവശ്യമായ ദുരന്തനിവാരണ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടി വി ഭാവനം ചെയ്തു കൊണ്ടാണ് ആസൂത്രണം നിര്‍വഹിക്കേണ്ടതെന്നും ഏപ്രില്‍ മാസം മുതല്‍ തന്നെ നിര്‍വഹണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നടപ്പ് പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്ത് 38 ശതമാനം ഫണ്ട് ചെലവഴിച്ചു. സംസ്ഥാന തലത്തില്‍ നാലാം സ്ഥാനത്താണ്. ഏറ്റെടുത്ത പദ്ധതികളെല്ലാം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമസഭയില്‍ നിര്‍ദേശം നല്‍കി.