• admin

  • March 3 , 2020

പത്തനംതിട്ട : വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതായി വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരന്തവും രണ്ട് പ്രളയവും വൈദ്യുതി ബോര്‍ഡിന് കനത്ത നാശം ഉണ്ടാക്കി. എന്നാല്‍, സര്‍ക്കാറിന്റെ ഇടപെടല്‍ മൂലം മഹാപ്രളയത്തില്‍ തകര്‍ന്ന വൈദ്യുതി ബോര്‍ഡിന്റെ ശൃംഖല 10 ദിവസം കൊണ്ട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. ഒരു ലക്ഷം വൈദ്യുത പോസ്റ്റ്, ആറായിരം കിലോമീറ്റര്‍ വൈദ്യുതി ലൈന്‍, രണ്ടു ലക്ഷം കണക്ഷന്‍ തകരാര്‍, 1,4500 ട്രാന്‍ഫോമര്‍ തകരാര്‍, 19 പവര്‍ ഹൗസിന്റെ തകരാര്‍, 50 സബ് സ്റ്റേഷന്‍ തകരാര്‍ ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് മഹാ പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായത്. ഈ പ്രതിസന്ധികളെ 10 ദിവസം കൊണ്ട് മറികടന്ന് കേരളത്തിലെ വൈദ്യുത മേഖലയെ പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ലളിതമായ നടപടി ക്രമങ്ങളാണ് ഇന്ന് നിലവിലുള്ളത്. സമ്പൂര്‍ണ വൈദ്യുതീകരണം, വൈദ്യുതി കട്ട് കുറയ്ക്കുക, ലോഡ് ഷെഡിംഗ് ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഈ സര്‍ക്കാറിന്റെ കാലത്ത്  വിജയപ്രദമായി പാലിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാജമ്മ ബര്‍ണബാസിനെ മന്ത്രി എം.എം മണി ആദരിച്ചു.