• admin

  • January 6 , 2020

: തൃശ്ശൂര്‍: നാലാമത് അന്തര്‍ദേശീയ കാര്‍ഷിക ശില്‍പ്പശാലയും പ്രദര്‍ശനവുമായ വൈഗ 2020 പ്രദര്‍ശന നഗരിയില്‍ തമിഴ്നാട്ടില്‍ നിന്ന് സുഗന്ധം പരത്താനെത്തിയത് ഒരു ചെങ്കോട്ടയാണ്. തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ ആന്റ് പ്ലാന്റേഷന്‍ വകുപ്പിന്റെ സ്റ്റാളിലാണ് വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളില്‍ തീര്‍ത്ത ഡല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃക ശ്രദ്ധേയമാകുന്നത്. ജാതിപത്രി, കുരുമുളക്, ജാതിക്ക, ഉണക്കമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം, ജീരകം, ഉലുവ, തക്കോലം, എള്ള് തുടങ്ങിയവ ഒട്ടിച്ചുചേര്‍ത്താണ് ചെങ്കോട്ടയുടെ നിര്‍മ്മാണം. ഊട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്നാട് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍. ആദ്യമായാണ് തമിഴ്നാട് സര്‍ക്കാര്‍ വൈഗയില്‍ പങ്കെടുക്കുന്നത്. ആയുര്‍വേദ ഉത്പന്നമായ സ്ലീപ്പിംഗ് ബാമിനാണ് ആവശ്യക്കാര്‍ ഏറെയെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ ആന്റ് പ്ലാന്റേഷന്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വസുമതി പറഞ്ഞു. വാഴപ്പഴം, മുള്ളാത്ത, നോനി എന്നിവയില്‍ നിന്നുള്ള സ്‌ക്വാഷ്, ജാം, ഡ്രൈ ഫ്രൂട്ട്, അച്ചാര്‍, സോപ്പ്, വിര്‍ജിന്‍ കോക്കനട്ട് ഓയിലില്‍ നിന്നുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോം മെയ്ഡ് ചോക്ലേറ്റ്, തേനിന്റെ വിവിധ ഇനങ്ങള്‍ എന്നിങ്ങനെ 70 ഉല്‍പ്പന്നങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. തമിഴ്നാട് കര്‍ഷക സംഘത്തിന്റെ കീഴിലുള്ള ജൈവ ഉല്‍പ്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. പ്ലാസ്റ്റിക്കിനെ വെല്ലും ജൈവനാരുകള്‍ പ്ലാസ്റ്റിക്കിനെതിരെ അന്താരാഷ്ട്രതലത്തില്‍ എതിര്‍പ്പുകള്‍ ഉയരുമ്പോഴും പകരം എന്ത് എന്നൊരു ചോദ്യം ബാക്കിയാകുന്നുണ്ട്. ബദല്‍ മാതൃക ഒരുക്കി പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാന്‍ മുമ്പിലുണ്ട് തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി. വൈഗ 2020ല്‍ ഇവര്‍ ഒരുക്കിയ സ്റ്റാളില്‍ നിറയെ പ്ലാസ്റ്റിക്കിന് പകരം വയ്ക്കാവുന്ന ജൈവ ഉത്പന്നങ്ങള്‍ ആണ്. കയര്‍, ഗോതമ്പിന്റെ തവിട്, മരപ്പൊടി, കരിമ്പ് എന്നിവ കൊണ്ടാണ് ഇവിടെ പ്രദര്‍ശിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ജൈവ അവശിഷ്ടങ്ങളില്‍ നിന്ന് ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍ മുതല്‍ ആഡംബര ഫര്‍ണിച്ചറുകള്‍ വരെ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇവര്‍ സന്ദര്‍ശകര്‍ക്ക് വിവരിച്ചു കൊടുക്കുന്നു. മുതല്‍ മുടക്കാന്‍ തയ്യാറാവുന്ന സംരംഭകര്‍ക്ക് സാങ്കേതികമായ എല്ലാ പിന്തുണയും നല്‍കാന്‍ ഇവരുണ്ട്. വൈവിധ്യം, നിര്‍മാണത്തിലെ സൂക്ഷ്മത, പുനര്‍നിര്‍മാണ ശേഷി എന്നിവയാണ് ഇവരുടെ ഉല്‍പന്നങ്ങളുടെ സവിശേഷത. തല കീഴായി ഒരു തായ്ലാന്‍ഡ് സസ്യം തലകീഴായി നിന്ന് കാണികളെ ആകര്‍ഷിക്കുകയാണ് ലൈക്ക് ഓഫ്പീഡിയ എന്ന തായ്ലന്‍ഡ് സസ്യം. വൈഗ 2020യില്‍ വൃക്ഷങ്ങള്‍ക്കും പൂച്ചെടികള്‍ക്കും മാത്രമല്ല കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും ഉപഭോക്താക്കള്‍ ഏറെയാണ്. ചെടിച്ചട്ടികളില്‍ തലകീഴായി നിന്ന് വളരുന്ന ഇന്‍ഡോര്‍ പ്ലാന്റ് ആണ് ലൈക്ക് ഓഫ് പീഡിയ. വീടിനുള്ളില്‍ വളര്‍ത്താമെന്നതിന് പുറമെ വളരെ കുറച്ച് വെള്ളമെ ഈ ചെടികള്‍ക്ക് വേണ്ടൂ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സൂര്യപ്രകാശം കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ ഇവ വളരൂ. തലകീഴായി വളരുന്ന ലൈക്ക് ഓഫ്പീഡിയ വൈഗ കാര്‍ഷികോത്സവത്തില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഓര്‍ക്കിഡിന്റെ വിഭാഗത്തില്‍ പെട്ട ഇവയ്ക്ക് ചട്ടിയൊന്നിന് അഞ്ഞൂറ് രൂപയാണ്.