• admin

  • February 24 , 2020

:

 ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച അത്ഭുതമൊന്നും സംഭവിച്ചില്ല. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 10 വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ ഒമ്പത് റണ്‍സ് വിജയലക്ഷ്യം കീവീസ് വിക്കറ്റ് നഷ്ടം കൂടാതെ മറികടന്നു. ഇതോടെ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.

നാലു വിക്കറ്റിന് 144 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 47 റണ്‍സ് കൂടി കൂട്ടിചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സിന് എല്ലാവരും പുറത്തായി. രഹാനെ 29 ഉം, ഹനുമ വിഹാരി 15 ഉം, ഋഷഭ് പന്ത് 25 ഉം റണ്‍സെടുത്ത് പുറത്തായി. ഇഷാന്ത് ശര്‍മ്മ 12 റണ്‍സെടുത്തു.

രണ്ടാമിന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് പിഴുത ടിം സൗത്തിയും നാലു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടുമാണ് ഇന്ത്യയെ തകര്‍ത്തത്. ഗ്രാന്‍ഹോം ഒരു വിക്കറ്റെടുത്തു. ഇന്ത്യ മുന്നോട്ടുവെച്ച 9 റണ്‍സ് വിജയലക്ഷ്യം 1.4 ഓവറില്‍ ലാഥവും ബ്ലണ്ടലും കൂടി നേടി. രണ്ടിന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റെടുത്ത ടിം സൗത്തിയാണ് കളിയിലെ കേമന്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ജയത്തോടെ ന്യൂസീലന്‍ഡ് 120 പോയിന്റോടെ അഞ്ചാമതെത്തി.