• Anekh Krishna

  • September 18 , 2023

കൽപ്പറ്റ :

വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് 18 വയസിനു മുകളില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ ശ്രേയസി വെങ്ങോലി’ മിസിസ് വയനാടന്‍ മങ്ക’ പട്ടം നേടി. കല്‍പറ്റ ജി.എസ്.ടി ഓഫീസില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസറാണ് ശ്രേയസി. മര്‍സ ഇന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ innu നടന്ന ഷോയില്‍ ഡോ.വീനിത നരേന്ദ്രന്‍ രണ്ടാം സ്ഥാനവും തൊഴില്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ സംഗീത വിനോദ് മൂന്നാം സ്ഥാനവും നേടി.15 പേരാണ് ‘ മിസിസ് വയനാടന്‍ മങ്ക’പട്ടത്തിനു മാറ്റുരച്ചത്. സ്വയം പരിചയപ്പെടുത്തല്‍, റാമ്പ് വാക്, ചോദ്യോത്തരവേള എന്നീ റൗണ്ടുകള്‍ അടങ്ങുന്നതായിരുന്നു മത്സരം. സെലിബ്രിറ്റി മേക്കോവര്‍ ആര്‍ട്ടിസ്റ്റും റെഡ്‌ലിപ്‌സ് ആന്‍ഡ് റേഡിയന്റ് ഫാമിലി സലൂണ്‍ ഉടമസ്ഥയുമായ ദീപ, മുന്‍ മിസിസ് കേരള റണ്ണര്‍ അപ്പും ഡെന്റിസ്റ്റുമായ ഡോ.ശാലി എന്നിവര്‍ വിധികര്‍ത്താക്കളായി. ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റോമ മന്‍സൂര്‍ കൊാറിയോഗ്രാഫറും റേഡിയോ ജോക്കി മനു അവതാരകനുമായിരുന്നു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും ചലച്ചിത്ര താരവുമായ അബു സലിം, ചലച്ചിത്ര പ്രവര്‍ത്തകന്‍ അനുണ്‍ മാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.