• Lisha Mary

  • March 17 , 2020

മസ്കറ്റ് :

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിദേശികൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്ക് വിലക്ക് ബാധകമല്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരം ഉണ്ടാകില്ല. വിവാഹം, മറ്റു വിനോദ പരിപാടികൾ എന്നിവയും വിലക്കി. ഖബറടക്കത്തിന് ആളുകൾ ഒത്തുചേരാൻ പാടില്ല. പാർക്കുകൾ അടച്ചിടും.

രാജ്യത്ത് പ്രവേശിക്കുന്ന മുഴുവൻ ആളുകളും ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകണം. കൊറോണ വൈറസ് ബാധയെ ചെറുക്കാനായി ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. മ്യൂസിയങ്ങൾ അടച്ചു. ഒമാനിൽനിന്ന് ദുബായിലേക്കുള്ള മുവാസലാത്ത് സർവീസ് നിർത്തിവെച്ചു. മസ്കറ്റ് വിമാനത്താവളം അടച്ചിടില്ലെന്നും പ്രഖ്യാപനമുണ്ട്.

പരീക്ഷകൾ തുടരും

ഒമാനിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ. പരീക്ഷകൾ സാധാരണ പോലെ നടക്കുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുമാസത്തെ അവധി നൽകിയ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകൾ മാറ്റിവെക്കാതെ നടത്താൻ അനുമതി നൽകിയതായി സ്കൂൾ അധികൃതർ അറിയിച്ചു