• Lisha Mary

  • March 16 , 2020

: കൊച്ചി: വാളയാറില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കീഴ്കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. വാളയാര്‍ കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും വേണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകളാണ് പ്രതികളെ വെറുതെ വിടാന്‍ ഇടയാക്കിയതെന്നും, വേണ്ടത്ര തെളിവുകള്‍ പരിഗണിച്ചിരുന്നില്ലെന്നുമുളള വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഈ വാദഗതികള്‍ പരിഗണിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ ഹര്‍ജി പരിഗണിക്കവെയാണ് ആറ് പേരെയും അറസ്റ്റ് ചെയ്ത് കീഴ്കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കീഴ്കോടതിയില്‍ ഹാജരാക്കുന്ന ഇവര്‍ക്ക് ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2017 ജനുവരി 13ന് മൂത്ത കുട്ടിയെയും മാര്‍ച്ച് 4ന് ഇളയ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നാണു കേസ്.