• admin

  • February 4 , 2020

കായംകുളം : പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി കണ്ടല്ലൂര്‍ ദേശവും ജനതയും കൈകോര്‍ത്തു. കണ്ടല്ലൂര്‍ പഞ്ചായത്ത് നേതൃത്വത്തിലുള്ള ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ പ്ലാസ്റ്റിക് ശേഖരണ യജ്ഞത്തിനാണ് ജനങ്ങളാകെ രംഗത്തിറങ്ങിയത്. പ്ലാസ്റ്റിക് വലിച്ചെറിയരുത്, കത്തിക്കരുത്, ശേഖരിക്കാം എന്ന സന്ദേശവുമായി കുടുംബശ്രീ, ആരോഗ്യ സേന, ഹരിത കര്‍മ സേന, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങള്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തി സൂക്ഷിച്ചുവെച്ച പ്ലാസ്റ്റിക് മാലിന്യവും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കും ശേഖരിച്ചു. 2000 പേരാണ് മഹായജ്ഞത്തില്‍ പങ്കാളികളായത്. വീടുകളില്‍ നിന്നും 30 രൂപാ യൂസര്‍ ഫീസ് ഏര്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് എല്ലാമാസവും കര്‍മ സേന ഈ പ്രവര്‍ത്തനം തുടരും. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കഴുകി വൃത്തിയാക്കിശാസ്ത്രീയ സംസ്‌കരണത്തിനായി നല്‍കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് പ്രസിഡന്റ് എ വി രഞ്ജിത്ത് പറഞ്ഞു.