• admin

  • January 11 , 2022

ചെന്നലോട് : ജില്ലാ ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി ഒളിമ്പിക്സ് അസോസിയേഷന്‍, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ചെന്നലോട് യംഗ് സോള്‍ജ്യേഴ്സ് ക്ലബില്‍ വെച്ച് സംഘടിപ്പിച്ച ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഡ്വ ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി കെ അബ്ദുറഹിമാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, ഷിബു പോള്‍, ചന്ദ്രന്‍ മടത്തുവയല്‍, ജേക്കബ് ജോസഫ്, എം ദേവസ്യ, വി ഒ മെല്‍വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എ ജോസഫ് സ്വാഗതവും വില്‍സന്‍ മൂലക്കര നന്ദിയും പറഞ്ഞു. സീനിയര്‍ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ എം രാഹുല്‍ ജേതാവായി. സായി കൃഷ്ണ രണ്ടും ജുവല്‍ ജോണ്‍സണ്‍ മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ അബിന എം വില്‍സണ്‍ ജേതാവായി. ജൂലിയ ജോഷി രണ്ടും എയ്ഞ്ചല്‍ എല്‍സ പ്രിന്‍സ് മൂന്നും സ്ഥാനം നേടി. കോവിഡ് പശ്ചാത്തലത്തില്‍ നിലച്ചുപോയ കായിക മേഖലക്ക് പുത്തനുണര്‍വ്വ് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഒളിമ്പിക് അസോസിയേഷന്‍ ഇത്തരത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചത്.