• admin

  • January 21 , 2023

കല്‍പ്പറ്റ : രാഹുല്‍ഗാന്ധി നയിക്കുന്ന ജോഡോയാത്രയുടെ ഭാഗമായി ജനുവരി 26 മുതല്‍ മാര്‍ച്ച് 20 വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിവിധ, രാഷ്ട്രീയ, സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന് മതിയായ ചികിത്സ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മെഡിക്കല്‍ കോളജ് അധികൃതരുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് കൊണ്ട് മാനന്തവാടി നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനുവരി 23 ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെ സത്യാഗ്രഹ സമരം നടത്തുന്നതിനും, ജനുവരി 30ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും കോണ്‍ഗ്രസ് പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്താനും, മണ്ഡലം ആസ്ഥാനങ്ങളില്‍ വൈകിട്ട് സൗഹൃദ സദസ് നടത്താനും, 2023 ഫെബ്രുവരി 10ന് മുമ്പായി ജില്ലയിലെ മുഴുവന്‍ ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിക്കുവാനും മണ്ഡലങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചു. മോദിഭരണത്തില്‍ നടക്കുന്ന വര്‍ഗീയ ഫാസിസം അവസാനിപ്പിക്കുന്നതിനും, ജനാധിപത്യം സംരക്ഷിക്കുന്നതിനും നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്റെ ഭാഗമായി ബൂത്ത് തലങ്ങളിലൂടെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്രകള്‍ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും എത്തുന്ന വിധത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ കെ പി സി സി നിര്‍ദ്ദേശിച്ച ലഖുലേഖകള്‍ വീടുകളില്‍ എത്തിക്കുവാനും, എല്ലാവീട്ടുകാരെയും സഹകരിപ്പിച്ച് കൊണ്ട് 138 രൂപ ചലഞ്ച് വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഒരു മുഴുവന്‍ ദിവസക്യാമ്പ് ജനുവരി 31ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. പഞ്ചായത്ത് രാജ് സംബന്ധിച്ച് വിവിധ ക്ലാസുകള്‍ ക്യാംപില്‍ നല്‍കുന്നതിനും, ഫെബ്രുവരി രണ്ടാംവാരത്തില്‍ വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ബഫര്‍സോണ്‍ വിഷയത്തിലെ കേരള സര്‍ക്കാരിന്റെറെ ഇരട്ടത്താപ്പ് നയത്തിലും, കാര്‍ഷികവിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ചുരം ബൈപ്പാസായ ചിപ്പിലിത്തോട്-മരുതിലാവ്-തലപ്പുഴ റോഡ് ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിക്കാവുന്നതാണെന്നും ചുരത്തിലെ ഇപ്പോഴുള്ള ഗതാഗത തടസം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും യോഗം വിലയിരുത്തി. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതും ബാക്കി ഭാഗങ്ങള്‍ മാത്രം പൂര്‍ത്തീകരിച്ചാല്‍ ബദല്‍ റോഡായി ഉപയോഗിക്കാവുന്നതുമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും യോഗം തീരുമാനിച്ചു. പിന്‍വാതില്‍ നിയമനം, ഭരണത്തിന്റെ കെടുകാര്യസ്ഥത, നിയമന അഴിമതിയുടെയും കൊള്ളക്കുമെതിരെ മെയ് നാലിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളഞ്ഞുള്ള പ്രതിഷേധത്തില്‍ പരമാവധി പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. രമ്യ ഹരിദാസ് എം.പി. യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.എല്‍. പൗലോസ്, പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥന്‍, കെ.വി. പോക്കര്‍ ഹാജി, എ. പ്രഭാകരന്‍, കെ.ഇ. വിനയന്‍, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, എം.ജി. ബിജു, പോള്‍സണ്‍ കൂവക്കല്‍, ബിനു തോമസ്, പി.എം. സുധാകരന്‍, എന്‍.യു ഉലഹന്നാന്‍, പി. ശോഭനകുമാരി, ജി. വിജയമ്മ, ഡി.പി. രാജശേഖരന്‍, വി.എ. മജീദ്, കമ്മന മോഹനന്‍, പി.വി. ജോര്‍ജ്, മോയിന്‍ കടവന്‍, നജീബ് കരണി, ഗോകുല്‍ദാസ് കോട്ടയില്‍, ചിന്നമ്മ ജോസ്, എം. വേണുഗോപാല്‍, എ.എം. നിഷാന്ത്, അഡ്വ. ഒ. ആര്‍. രഘു, എന്‍.സി. കൃഷ്ണകുമാര്‍, സില്‍വി തോമസ് എന്നിവര്‍ സംസാരിച്ചു.