• admin

  • June 27 , 2022

കൽപ്പറ്റ : ജില്ലയിൽ കഴിഞ്ഞ ഏതാനം ദിവസങ്ങളായി നടമാടിക്കൊണ്ടിരുന്ന അക്രമപരമ്പരകളുടെ ഉത്തരവാദിത്വം സർക്കാരും പ്രതിപക്ഷവും ഏറ്റെടുത്ത് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ് കമ്മറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ സംസ്ഥാന സർക്കാരും അഹിംസാ വാദികളായ പ്രതിപക്ഷവും അക്രമത്തിന്റെ കാര്യത്തിൽ തമ്മിൽ മത്സരിക്കുകയാണ്. കേട്ടാലറയ്ക്കുന്ന മുദ്രാവാക്യങ്ങളുമായി തെരുവുകൾ യുദ്ധക്കളമാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയായിരുന്നെന്ന് യൂത്ത് വിങ് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിൻ്റെ ഭരണപരാജയം മറിച്ചു വെയ്ക്കാനാണ് സി.പി.എം വിദ്യാർത്ഥി സംഘടനയെ ഉപയോഗിച്ച് രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയെന്നോണം പ്രതിപക്ഷം പ്രത്യാക്രമണം നടത്തിയതോടെ സംസ്ഥാനം യുദ്ധക്കളമായി. ആരോ മെനഞ്ഞെടുത്ത തന്ത്രത്തിൽ വന്നുവീണ പ്രതിപക്ഷം സംസ്ഥാനത്ത് അക്രമ പരമ്പര സൃഷ്ടിച്ചു. ഇതിനിടയിൽ പിണറായി സർക്കാർ തിരക്കിട്ട് വൈദ്യുത് ചാർജ് വർദ്ധിപ്പിച്ച് ജനശ്രദ്ധ അക്രമത്തിലേയ്ക്ക് തിരിച്ചുവിട്ടുവെന്ന് എ.എ.പി യൂത്ത് വിംഗ് ജില്ലാ കൺവീനർ സിജു പുൽപ്പള്ളി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ ഗുജറാത്ത് മോഡൽ പഠിക്കാൻ പോയതിൻ്റെ പരിണിത ഫലമാണ് ഇപ്പോൾ സംസ്ഥാനത്ത നടമാടിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും.സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കിയ ഈ അക്രമ പരമ്പരകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷമായി അന്വോഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും എ.എ.പി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.