• Lisha Mary

  • March 8 , 2020

കോട്ടയം : ലോക കേള്‍വി ദിനാചരണവും കേള്‍വി ശക്തി നഷ്ട്ടപ്പെട്ട വയോജനങ്ങള്‍ക്കായി ശ്രവണ സഹായികളുടെ വിതരണ ഉദ്ഘാടനവും കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. 60 വയസ് പിന്നിട്ട കേള്‍വി ശക്തി നഷ്ടപ്പെട്ട 100 പേര്‍ക്കാണ് 6.5 ലക്ഷം രൂപ വിനിയോഗിച്ച് കെല്‍ട്രോണില്‍ നിന്നും വാങ്ങിയ ശ്രവണസഹായികള്‍ നല്‍കുന്നത്. ദേശീയ ബധിരതാ നിയന്ത്രണ പദ്ധതിയുടെയും ജില്ലാ പഞ്ചായത്ത് ആര്‍ദ്രം മിഷന്റെയും സമഗ്ര വയോജനാരോഗ്യ പരിരക്ഷാ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദഗ്ധ പരിശോധന നടത്തി ഓരോരുത്തരുടെയും കേള്‍വി ശക്തിയ്ക്ക് അനുസൃതമായി ശ്രവണസഹായികള്‍ നല്‍കുന്നതിനും അവയ്ക്ക് സാങ്കേതിക തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനും ആശുപത്രിയില്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.എന്‍.ടി. സര്‍ജനും എന്‍.പി.പി.സി. ഡി ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. ജീവന്‍ കൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.