• Lisha Mary

  • April 20 , 2020

: കോവിഡ് 19-നെതിരെ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ച രാജ്യമെന്നാണ് ഒരു മാസത്തിന് മുമ്പുവരെ സിങ്കപ്പൂരിനെ വിശേഷിപ്പിച്ചിരുന്നത്. മറ്റു രാജ്യങ്ങള്‍ ലോക്ക്ഡൗണും മറ്റുമായി വൈറസ് വ്യാപനം തടയാന്‍ പാടുപെടുമ്പോള്‍ ലോക്ക്ഡൗണ്‍ പോലുമേര്‍പ്പെടുത്താതെ വൈറസിനെ വരുതിയിലാക്കാന്‍ സിങ്കപ്പൂരിന് കഴിഞ്ഞു. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സിങ്കപ്പൂരിന് അടിപതറിയിരിക്കുകയാണ്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ പ്രകാരം മാര്‍ച്ച് 17-ന് 226 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിങ്കപ്പൂരിലെ കേസുകള്‍ വളരെ പെട്ടെന്നാണ് 5900 എന്ന നാലക്ക സംഖ്യയിലേക്ക് ഉയര്‍ന്നത്. വൈറസ് വ്യാപനം കടുത്ത രീതിയില്‍ ബാധിച്ച യൂറോപ്പിലും യുഎസിലും ദിനംപ്രതി ആയിരക്കണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നത് ശരിതന്നെ. എന്നാല്‍ സിങ്കപ്പൂരിന്റെ വലിപ്പവും ജനസംഖ്യയും അടിസ്ഥാനമാക്കി ഈ കണക്കുകളെ താരതമ്യം ചെയ്യുമ്പോഴാണ് സിങ്കപ്പൂരിന്റെ നിലവിലെ അവസ്ഥ അത്ര പന്തിയല്ലെന്ന് ബോധ്യപ്പെടുക. സിങ്കപ്പൂരിന്റെ മൊത്തം വിസ്തീര്‍ണം 700 ചതുരശ്ര കിലോമീറ്ററാണ്. ന്യൂയോര്‍ക്ക് നഗരത്തേക്കാള്‍ ചെറുത്. 57 ലക്ഷം ആണ് ജനസംഖ്യ. അതുകൊണ്ടുതന്നെ 5900 എന്നത് അത്ര ചെറിയ ഒരു സംഖ്യയല്ല. എന്നാല്‍ മറ്റുപല രാജ്യങ്ങള്‍ക്കുമില്ലാത്ത സവിശേഷത സിങ്കപ്പൂരിനുണ്ട്. മലേഷ്യയുമായി മാത്രമേ സിങ്കപ്പൂര്‍ അതിര്‍ത്തി പങ്കിടുന്നുള്ളൂ. വിമാനമാര്‍ഗം രാജ്യത്തെത്തുന്നവരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ താരതമ്യേന എളുപ്പവുമാണ്. ലോകോത്തര ആരോഗ്യ സമ്പ്രദായവും മഹാമാരി നിയന്ത്രണത്തിന് സര്‍ക്കാരിന് പ്രയോജനകരമാകുന്ന കര്‍ക്കശമായ നിയമങ്ങളും മികച്ച പോലീസിങ്ങും സിങ്കപ്പൂരിനുണ്ട്. ഇടുങ്ങിയ ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അവഗണിച്ചതും ലോക്ക്ഡൗണ്‍ പോലും ഏര്‍പ്പെടുത്താത്ത ഒരു നഗരത്തില്‍ മഹാമാരി പടര്‍ന്നുപിടിക്കാനെടുക്കുന്ന വേഗതയെ കുറച്ചുകണ്ടതുമെല്ലാമാണ് ആ തെറ്റുകള്‍. ക്വാറന്റൈനും സമ്പര്‍ക്ക ചരിത്രം പരിശോധിച്ചും വിമാനമാര്‍ഗം രാജ്യത്തെത്തുന്നവരെ നിരീക്ഷണത്തില്‍ അയച്ചും വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തെ വരുതിയിലാക്കാന്‍ സിങ്കപ്പൂരിന് കഴിഞ്ഞു. ഒപ്പം തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തി. 2003-ലെ സാര്‍സിനെത്തുടര്‍ന്ന് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചത് രോഗികളെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ ചികിത്സിക്കാനും മെഡിക്കല്‍ സ്റ്റാഫുകള്‍ രോഗബാധിതരാകുന്നത് തടയാനും സഹായിച്ചു. വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ സിങ്കപ്പൂര്‍ സ്‌കൂളുകള്‍ മാത്രമാണ് അടച്ചിട്ടത്. കേസുകള്‍ ഉയര്‍ന്നതോടെ ചില തൊഴില്‍ സ്ഥാപനങ്ങളും. തീരുമാനമെടുക്കാന്‍ വൈകിയത് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കി.പരിശോധന നടക്കാതെ പോയ ക്ലസ്റ്ററുകളില്‍ കേസുകളുടെ എണ്ണം വളരെ പെട്ടെന്ന് വര്‍ധിച്ചു. കുടിയേറ്റക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മേഖലകളാണ് അതില്‍ പ്രധാനപ്പെട്ടത്. രണ്ടാം ഘട്ടം റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് വ്യാപനം നിയന്ത്രിച്ച് പൂര്‍വസ്ഥിതിയിലേക്ക് എത്രയും പെട്ടന്ന് എത്തുന്നതിന് വേണ്ടി 'സര്‍ക്യൂട്ട് ബ്രേക്കര്‍'എന്ന പേരില്‍ പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ 8,014 കേസുകളാണ് സിങ്കപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 പേരാണ് മരിച്ചത്.