• admin

  • January 4 , 2020

തിരുവനന്തപുരം : തിരുവനന്തപുരം: ലൈഫ് മിഷന്‍ നടത്തുന്ന ബ്ലോക്കുതല കുടുംബസംഗമങ്ങളുടേയും അദാലത്തുകളുടേയും സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വര്‍ക്കല ബ്ലോക്കിലെ തോപ്പില്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. കേരളത്തിലെ ഭവനരഹിതരായവര്‍ക്ക് ഭവനം നല്‍കുക എന്നത് മാത്രമല്ല അവരുടെ തുടര്‍ജീവിതത്തിന് സാമൂഹ്യപരവും തൊഴില്‍പരവുമായ സഹായം നല്‍കി മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് അദാലത്തും കുടുംബസംഗമങ്ങളും സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 20 ഓളം വകുപ്പുകള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംഗമം. 2020 ജനുവരി അവസാനവാരം സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷം ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീട് പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ദാനവും, മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിക്കലും മന്ത്രി നിര്‍വഹിച്ചു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന അദാലത്തില്‍ തദ്ദേശസ്വയംഭരണം, കൃഷി, സാമൂഹ്യ നീതി, കുടുംബശ്രീ, MGNREGS, പട്ടികജാതി/പട്ടികവര്‍ഗ്ഗം, ആരോഗ്യം എന്നീ വകുപ്പുകളുടെ വിവിധതരം സേവനങ്ങളും ഗുണഭോക്താക്കള്‍ക്കായി ലഭ്യമാക്കി. കൂടാതെ അക്ഷയ സെന്റര്‍ വഴി ഗുണഭോക്താക്കളുടെ ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവയുടെ പുതുക്കലും, തെറ്റ് തിരുത്തലും നടന്നു.