• Lisha Mary

  • March 11 , 2020

തിരുവനന്തപുരം : കേരളം ആസ്ഥാനമായ പ്രമുഖ ഐടി സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ലോകത്തെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ ലുഫ്താന്‍സ കാര്‍ഗോയും അഞ്ചു വര്‍ഷത്തെ സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം ലുഫ്താന്‍സയുടെ ചരക്കുഗതാഗതത്തിനായി ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന ഐബിഎസിന്റെ ലോകോത്തര സംവിധാനമായ ഐകാര്‍ഗോ പൂര്‍ണ്ണമായും ക്ലൗഡ് സര്‍വീസിലേയ്ക്കു മാറും. ലുഫ്താന്‍സയുടെ 'ഐക്യാപ് പ്ലാറ്റ്‌ഫോം' ആണ് മുഴുവനായും സാസ് മോഡിലേക്ക് മാറുക. ഡേറ്റാ സുരക്ഷ, സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്റെ നിരന്തര ലഭ്യത, വിവിധ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങി നിര്‍ണ്ണായകമായ പല ഘടകങ്ങളും വിലയിരുത്തിയ ശേഷമാണ് ലുഫ്താന്‍സ കാര്‍ഗോ കരാറിലേര്‍പ്പെട്ടത്. ഒരു സെക്കന്‍ഡ് പോലും മുടങ്ങാതെ പ്രവര്‍ത്തന നൈരന്തര്യം ഉറപ്പു വരുത്താന്‍ ശേഷിയുള്ള, വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള ഒരേയൊരു സാസ് സംവിധാനമാണ് ഐബിഎസ് മുന്നോട്ട് വെയ്ക്കുന്നത്. 365 ദിവസവും, മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കാനും, പ്രവര്‍ത്തന സ്ഥിരതയോടെ, ഏറ്റവും കാര്യക്ഷമമായി തടസങ്ങളേതുമില്ലാതെ സുഗമമായി കാര്‍ഗോ മാനേജ്‌മെന്റ് ഉറപ്പാക്കാനും ഇതുമൂലം ലുഫ്താന്‍സ കാര്‍ഗോയ്ക്ക് കഴിയും. ഒരുദിവസം 10 ലക്ഷത്തിലേറെ ട്രാന്‍സാക്ഷനുകള്‍ നടത്തുന്ന ലുഫ്താന്‍സ കാര്‍ഗോയുടെ പോലെ അതിസങ്കീര്‍ണ്ണമായ ബിസിനസ് കൈകാര്യം ചെയ്യാന്‍ ശ്രേഷ്ഠവും വേഗതയേറിയതുമായ ഒരു പിന്തുണ അത്യാവശ്യമാണ്. ഐബി എസിന്റെ സാസ് സംവിധാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു ട്രാന്‍സാക്ഷന് ഒരു സെക്കന്‍ഡ് പോലും വേണ്ടിവരുന്നില്ല എന്നതാണ് എടുത്തു പറയേണ്ട വസ്തുത. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന ലോകോത്തര ഡേറ്റാ സെന്ററില്‍നിന്ന് ലഭ്യമാക്കുന്ന ക്ലൗഡ് സര്‍വീസ്, ലുഫ്താന്‍സ മുന്നോട്ടുവെച്ച എല്ലാ അളവുകോലുകളേയും നിബന്ധനകളേയും മറികടന്ന് തൃപ്തികരമായ പ്രവര്‍ത്തനമാണ് കാഴചവെച്ചത്.