• admin

  • February 8 , 2020

തിരുവനന്തപുരം : ലഹരി ഇരുള്‍ പരത്തുന്ന ജീവിതങ്ങളിലേക്ക് പുതുവെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷനായ വിമുക്തി സംസ്ഥാന വ്യാപകമായി ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ജ്വാല തെളിയിച്ചു. ലഹരി വിരുദ്ധ തീവ്ര ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പരിപാടി കേരളത്തിലെ പഞ്ചായത്ത്, മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍, ജില്ലാ ആസ്ഥാനങ്ങളിലാണ് നടന്നത്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി ആശാവാര്‍ക്കര്‍മാരുള്‍പ്പെടെ ലഹരിക്കെതിരായി ദീപം തെളിയിക്കാന്‍ സംസ്ഥാന വ്യാപകമായി ആയിരങ്ങള്‍ അണിചേര്‍ന്നു. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരാണ് വിമുക്തി ജ്വാലയ്ക്ക് നേതൃത്വം നല്‍കിയത്. തലസ്ഥാനത്ത് കനകക്കുന്നില്‍ വിവിധ ലഹരി വിരുദ്ധ കലാപരിപാടികളോടെയാണ് വിമുക്തി ജ്വാല സംഘടിപ്പിച്ചത്. മേയര്‍ കെ ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ടി വി അനുപമ ഐഎഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചലച്ചിത്ര അഭിനേതാക്കളായ മുകേഷ് എംഎല്‍എ, ബീന ആന്റണി, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി. രാജീവ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരായ യു ഉബൈദ്, ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊച്ചി രാജേന്ദ്രമൈതാനത്ത് നടന്ന വിമുക്തി ജ്വാല പരിപാടി ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തകരായ രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രഞ്ജിത്, അസിസ്റ്റന്റ് കമ്മീഷണര്‍ സജി കുമാര്‍, വിമുക്തി മാനേജര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.