• admin

  • January 30 , 2020

: കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭരണഘടന സംരക്ഷണ റാലി ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിന് സമീപത്ത് നിന്ന് യാത്ര ആരംഭിക്കും. ദേശീയ പതാകയേന്തി രാഹുല്‍ ഗാന്ധി എം.പി ജാഥ നയിക്കും. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും, ഭരണഘടന ആമുഖവും, ദേശീയ പതാകയുമേന്തിയ വാളണ്ടിയര്‍മാര്‍ പിന്നിലായി അണിനിരക്കും. സംസ്ഥാന നേതാക്കളും, സാംസ്‌കാരിക നേതാക്കളും റാലിയില്‍ അണിനിരക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും, വനിതകളും, സേവാദള്‍-വൈറ്റ് ഗാര്‍ഡ് വാളണ്ടിയര്‍മാരും, പൊതുജനങ്ങളും അണിചേരും. കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. കക്ഷി രാഷ്ട്രീയത്തിനും, ജാതി-മതചിന്തകള്‍ക്കും അതീതമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണയാത്ര നടത്തുന്നത്. കല്‍പ്പറ്റയില്‍ ഗതാഗത നിയന്ത്രണം റാലിയും പൊതുസമ്മേളനവും നടക്കുന്ന സാഹചര്യത്തില്‍ കല്‍പ്പറ്റ നഗരത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് ജനമൈത്രീ ജംഗ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജംഗ്ഷന്‍ വരെ കല്‍പ്പറ്റ ടൗണിലൂടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. ഈ ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.