• admin

  • March 4 , 2020

കൊച്ചി :

ലഹരിമുക്ത കൊച്ചി പദ്ധതിയുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് രൂപകൽപ്പന ചെയ്ത ‘യോദ്ധാവ്’ എന്ന മൊബൈൽ വാട്‌സ് ആപ്പ് ഫലം കണ്ടുതുടങ്ങി. വാട്സ്ആപ്പ് നമ്പർ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുവരെ  രജിസ്റ്റർ ചെയ്തത് 170 കേസുകൾ. ഈ കേസുകളിലായി 180 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 18.27 ഗ്രാം മയക്കുമരുന്ന്, 24.14 കിലോഗ്രാം കഞ്ചാവ്, 700 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. 

കഴിഞ്ഞമാസം 15-നാണ് ‘യോദ്ധാവ്’ വാട്‌സ് ആപ്പ് നമ്പറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജില്ലയിലെ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 99959 66666  എന്ന ‘യോദ്ധാവ്’ മൊബൈൽ വാട്‌സ് ആപ്പ് നമ്പറിലേക്ക് അറിയിക്കാം. എറണാകുളത്തിന് പുറമെ, സംസ്ഥാനത്തെ   മറ്റ് ജില്ലകളിലും നടക്കുന്ന മയക്കുമരുന്ന് വിതരണത്തിനും വ്യാപനത്തിനുമെതിരേ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ 500-ൽ അധികം സന്ദേശങ്ങളാണ് വാട്സ്ആപ്പ് നമ്പറിലൂടെ ലഭിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങൾ അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ചുകൊടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

കൊച്ചി പൊലീസ് കമ്മിഷണറേറ്റ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷൻ, ഡാൻസാഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നീ ടീമംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ നിർദേശപ്രകാരം പരിശോധന നടത്തുകയായിരുന്നു. സന്ദേശങ്ങൾ അയയ്ക്കുന്ന ആളുടെ വിവരങ്ങൾ സന്ദേശം സ്വീകരിക്കുന്ന പൊലീസുദ്യോഗസ്ഥർക്കുപോലും അറിയാൻ സാധിക്കില്ല. ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ യോദ്ധാവ് വാട്സ്ആപ്പ് നമ്പറിലൂടെ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടു.