• admin

  • February 17 , 2020

കാസര്‍ഗോഡ് : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍. കേരളോത്സവത്തില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയിച്ചവരെ അനുമോദിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതി വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും കൈകളിലാണ് കുടികൊള്ളുന്നത്. അതിനാല്‍ പൊതുവിദ്യാലയ മേഖലയില്‍ ആശാവഹമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വായുവും ജലവും പോലെ വിദ്യാഭ്യാസവും എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതാണ് എന്ന തിരിച്ചറിവോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളോത്സവത്തില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയിച്ചവര്‍ക്കും ഐക്യരാഷ്ട്രസഭയുടെ എബ് ഡ്യൂ എഫ്. ഒയില്‍ പ്രബന്ധം അവതരിപ്പിച്ച നവ്യ നാരായണനും, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സന്നദ്ധ സേവനം നടത്തിയ ബി.എഡ്. വിദ്യാര്‍ത്ഥികളെയും യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വെളണ്ടിയേഴ്‌സിനെയും കേരളോത്സവത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച യുവജന കോര്‍ഡിനേറ്റര്‍മാരെയും മന്ത്രി ഉപഹാരം നല്കി ആദരിച്ചു.കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു.